ഗയാന: ഇന്ത്യയും ഇംഗ്ലണ്ടും ടി20 ലോകകപ്പില്‍ അവസാനം ഏറ്റുമുട്ടിയത് 2022ലെ ലോകകപ്പ് സെമിഫൈനലില്‍ ആയിരുന്നു. 19 മാസം മുന്‍പ് അഡ്‌ലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യൻ ടീമിനെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ കയറി കപ്പും കൊണ്ടായിരുന്നു ഇംഗ്ലണ്ട് മടങ്ങിയത്. ആ തോല്‍വിയ്‌ക്ക് പകരം ചോദിക്കാൻ രോഹിതിനും സംഘത്തിനും ലഭിച്ചിരിക്കുന്ന അവസരമാണ് ഇത്തവണത്തെ ടി20 ലോകകപ്പ് സെമി ഫൈനല്‍.

കഴിഞ്ഞ ടി20 ലോകകപ്പ് കളിച്ച ടീം അല്ല ഇപ്പോള്‍ ഇന്ത്യയുടേത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ അടിമുടി മാറിയിട്ടുണ്ട്. മുൻ ലോകകപ്പുകളില്‍ വിരാട് കോലിയെന്ന ഏക ബാറ്ററെ മാത്രം ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ കുതിപ്പെങ്കില്‍ ഇത്തവണ കഥ മറ്റൊന്നാണ്.
ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം അവസരത്തിനൊത്ത് ഉയരുന്നുണ്ട്. ബാറ്റിങ്ങില്‍ ഇവരുടെയെല്ലാം മികവാണ് ഇന്ത്യയ്‌ക്ക് തുണയായതും. ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യൻ ബൗളര്‍മാരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
പേസര്‍ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിന്‍റെ വജ്രായുധം. ബുംറയുടെ നാല് ഓവറുകള്‍ ടീമിന് ഏറെ നിര്‍ണായകം. ബുംറയ്‌ക്കൊപ്പം പേസര്‍ അര്‍ഷ്‌ദീപ് സിങ് വിക്കറ്റ് വീഴ്‌ത്തുന്നതും ഇന്ത്യയ്‌ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. കൂടാതെ, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പന്തുകൊണ്ട് ആവശ്യഘട്ടങ്ങളില്‍ സഹായം ചെയ്യുന്നു.
മറുവശത്ത് മികച്ച ഫോമിലാണ് ഇംഗ്ലണ്ടിന്‍റെയും വരവ്. ഫില്‍ സാള്‍ട്ട് – ജോസ് ബട്‌ലര്‍ ഓപ്പണിങ് സഖ്യത്തെ വേഗം പറഞ്ഞയക്കാൻ സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് മുട്ടൻ പണി കിട്ടും. ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക് എന്നിവരുടെ ഫോമും ഇംഗ്ലണ്ടിന് ആശ്വാസമാണ്. ക്രിസ് ജോര്‍ഡൻ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് തുടങ്ങിയവരുടെ പ്രകടനങ്ങളാകും ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമാകുക.
ഇന്ത്യ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് സ്ക്വാഡ്: ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റൻ), ഫില്‍ സാള്‍ട്ട്, ജോണി ബെയര്‍സ്റ്റോ, മൊയീൻ അലി, വില്‍ ജാക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, സാം കറൻ, ആദില്‍ റഷീദ്, ക്രിസ് ജോര്‍ഡൻ, ജോഫ്ര ആര്‍ച്ചര്‍, ബെൻ ഡക്കറ്റ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, റീസ് ടോപ്ലി.