
തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്ക് 17.29 കോടി ഏക്കര്‍ ഭൂമിയുണ്ടെന്ന ആര്‍എസ്എസ് മുഖ പത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും. ലേഖനം പിന്‍വലിച്ചതു കൊണ്ടു മാത്രം ആര്‍എസ്എസിന്റെ നിഗൂഢ അജണ്ടയില്ലാതാകുന്നില്ലെന്നും ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിൻ്റെ ഗൂഢനീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
വിഷയത്തില്‍ ബി ജെ പി നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ കത്തോലിക്ക് സഭയ്ക്ക് പാട്ടത്തിന് നല്കിയ സ്ഥലം തിരികെ പിടിക്കണമെന്നതാണ് ആര്‍എസ്എസ് അജണ്ട. ഇതിന് പിന്നിലുള്ള തിരക്കഥ അണിയറയില്‍ ഒരുന്നുണ്ടെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
മുസ്ലിങ്ങള്‍ക്ക് പിന്നാലെ ക്രൈസ്തവരെയാണ് ബിജെപി ഉന്നംവെയ്ക്കുന്നതെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചത്. ഹിന്ദുക്കളെയും ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളെ തമ്മിലടിപ്പിക്കാന്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇന്ന് മുസ്സിങ്ങള്‍ക്കെതിരാണെങ്കില്‍ നാളെയത് മറ്റു വിഭാഗങ്ങള്‍ക്കെതിരെയും ഉണ്ടാകും. ഓര്‍ഗനൈസറിലെ ലേഖനം അതിന്റെ അജണ്ടയാണ്.
ക്രൈസ്തവരുടെ പക്കല്‍ വഖഫിനെക്കാള്‍ കൂടുതല്‍ സ്വത്തുണ്ടെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്. ഗവേഷണം നടത്തി ചില കണക്ക് കൂട്ടലോടെയാണ് ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെൻ്റ് സമ്മേളനത്തില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള എംപി ഇതേ വിഷയം സഭയില്‍ ഉന്നയിച്ചു. ക്രൈസ്ത വരെ ഉന്നം വെച്ചായിരുന്നു ഈ നീക്കം. നാളെയത് സിഖുകാര്‍ക്കെതിരെയും തിരിയുമെന്നതാണ് സാഹച ര്യമെന്നും കെ എസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.