റൺസ് ‘അഭിഷേകം’; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ വിജയം


കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ്‌ വിജയം. അഭിഷേക് ശര്‍മ യുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്ന്‌ 79 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. തിലക് വര്‍മ 19റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന്‌ റണ്‍സ് നേടി. ഏഴ് ഓവര്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യ ഓവറില്‍ ആറ് പന്ത് നേരിട്ട സഞ്ജു അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു എടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി സഞ്ജു ഉഗ്രപ്രതാപം പുറത്തെടുത്തു. എന്നാല്‍ അധികം വൈകാതെ തന്നെ ആര്‍ച്ചര്‍ സഞ്ജുവിനെ മടക്കി. 20 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ സഞ്ജു 26 റണ്‍സ് നേടി. സഞ്ജുവിനെ പിന്നാലെയെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവിനെ പൂജ്യത്തിന് ആര്‍ച്ചര്‍ പുറത്താക്കി

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൂട്ട ആക്രമണത്തിനെതിരെ നായകന്‍ ജോഷ്് ബട്‌ലറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന് 132 റണ്‍സ് സമ്മാനിച്ചത്. ബാറ്റെടുത്ത 11 ഇംഗ്ലിഷ് താരങ്ങളില്‍ ഒന്‍പതു പേരും രണ്ടക്കത്തി ലെത്താന്‍ പോലും കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ കണ്ണുംപൂട്ടി അടിച്ച് 10 പന്തില്‍ ഒരു ഫോര്‍ സഹിതം ജോഫ്ര ആര്‍ച്ചര്‍ 12 റണ്‍സെടുത്തു. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിലൊതുങ്ങിയ റണ്‍സ് കൊണ്ട് തൃപ്തരായി. ആദില്‍ റഷീദ് 11 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി ബട്‌ലറിന്റേത് ഉള്‍പ്പെടെ 3 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി യാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, രാജ്യാന്തര ട്വന്റി20യില്‍ 97 വിക്കറ്റുകളുമായി ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി.

ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നു പന്തു മാത്രം നേരിട്ട സാള്‍ട്ടിനെ അര്‍ഷ്ദീപ് സിങ് വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ഫോറടിച്ച വരവറിയിച്ച സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ തന്റെ അടുത്ത ഓവറില്‍ അര്‍ഷ്ദീപ് തന്നെ പുറത്താക്കിയതോടെ ഇംഗലണ്ട് രണ്ടിന് 17 റണ്‍സ് എന്ന നിലയിലായി.പിന്നീട് ക്രീസില്‍ ഒരുമിച്ച ബട്‌ലര്‍ ഹാരി ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തിയത്. 28 പന്തുകള്‍ ക്രീസില്‍നിന്ന ബട്‌ലര്‍ ബ്രൂക്ക് സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 48 റണ്‍സ്. പിന്നീട് ഒരു ഘട്ട ത്തിലും ഇംഗ്ലണ്ടിന് ഇന്ത്യന്‍ ബോളര്‍മാരുടെ മേല്‍ മേധാവിത്തം പുലര്‍ത്താനായില്ല.

ലിയാം ലിവിങ്സ്റ്റണ്‍ (0), ജേക്കബ് ബെത്തല്‍ (ഏഴ്), ജാമി ഓവര്‍ട്ടന്‍ (രണ്ട്), ഗസ് അറ്റ്കിന്‍സന്‍ (2), മാര്‍ക്ക് വുഡ് (1)എന്നിവരെല്ലാം നിരാശപ്പെടുത്തി. വരുണ്‍ ചക്രവര്‍ത്തിക്കു പുറമേ, നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്, നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍, നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി.


Read Previous

മന്ത്രി രാജേഷിന്റെ ആ വിഷമം മാറട്ടെ’; ഒരുമിച്ചെത്തി വാർത്താ സമ്മേളനം നടത്തി സതീശനും ചെന്നിത്തലയും

Read Next

ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; കുട്ടികളുടെ ഫീസ് ഉപയോഗിച്ച് പരീക്ഷ നടത്താൻ സർക്കാർ ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »