റഷ്യ-യുക്രയ്ൻ സമാധാന ഉടമ്പടി; മോദിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലേക്ക്


ന്യൂഡല്‍ഹി: റഷ്യ-യുക്രയ്ൻ യുദ്ധത്തിൽ ഇന്ത്യ മദ്ധ്യസ്ഥം വഹിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. – ന്യൂസ് 18 റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. അതേസമയം ഡോവല്‍ എന്നാണ് റഷ്യ സന്ദര്‍ശിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന് അന്ന് പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായും കീവില്‍ വെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തില്‍ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുക്രയ്ൻ – റഷ്യയ്ക്കിടയിലെ സമാധാന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം.

റഷ്യ – യുക്രയ്ൻ സന്ദര്‍ശനത്തിന് പിന്നാലെ യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി യുക്രയ്നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണ്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു. അടുത്തിടെ, റഷ്യ – യുക്രയ്ൻ തമ്മി ലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് പുടിൻ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.


Read Previous

ആരെയാ കണ്ടു കൂടാത്തത്?, എഡിജിപി ഒരാളെ കാണുന്നത് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നമല്ല: എം വി ഗോവിന്ദന്‍

Read Next

പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »