ബംഗളൂരു: തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും മികച്ച പിന്തുണയുമായി സായ് സുദര്‍ശനും കളം നിറഞ്ഞപ്പോള്‍ ആര്‍സിബിയെ അനായാസം മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുന്‍ ചാമ്പ്യന്‍മാര്‍ 13 പന്തുകളും 8 വിക്കറ്റും കൈയിലിരിക്കെ വിജയതീരം തൊടുകയായിരുന്നു. നേരത്തെ മുന്‍ ആര്‍സിബി താരം മുഹമ്മദ് സിറാജ് ബൗളിംഗില്‍ തീപ്പന്തമായപ്പോള്‍ ബംഗളൂരുവിന്റെ സ്‌കോര്‍ 169ല്‍ ഒതുങ്ങുകയായിരുന്നു.

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 169-8 (20) | ഗുജറാത്ത് ടൈറ്റന്‍സ് 170-2 (17.5)
ടീം സ്‌കോര്‍ അഞ്ചാം ഓവറില്‍ 32 റണ്‍സ് എന്ന നിലയിലെത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് 14(14) നഷ്ടപ്പെട്ടു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ലിവിംഗ്സ്റ്റണിന് ക്യാച്ച് നല്‍കിയാണ് ഗില്‍ കൂടാരം കയറിയത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ 49(36) – ജോസ് ബട്‌ലര്‍ 73*(39) സഖ്യം ടീം സ്‌കോര്‍ നൂറ് കടക്കുന്നത് വരെ നിലയുറപ്പിച്ചു. 13ാം ഓവറില്‍ സായ് സുദര്‍ശന്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹേസില്‍വുഡിന് വിക്കറ്റ് സമ്മാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 107ന് രണ്ട്. ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട് ആയി ക്രീസിലെത്തിയ ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 30*(18) ബട്‌ലര്‍ക്കൊപ്പം ടീമിനെ ജയത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 14(13), വിരാട് കൊഹ്ലി 7(6), ദേവ്ദത്ത് പടിക്കല്‍ 4(3) ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 12(12) എന്നിവരുടെ വിക്കറ്റുകള്‍ ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ ആര്‍സിബിക്ക് നഷ്ടമായി. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ബാറ്റര്‍ ലിയാം ലിവിംഗ്സ്റ്റണ്‍ 54(40), വിക്കറ്റ് കീപ്പര്‍ ജീതേഷ് ശര്‍മ്മ 33(21) എന്നിവരാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഓസീസ് താരം ടിം ഡേവിഡ് 32(18) ടീമിന് മാന്യമായ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്രുണാല്‍ പാണ്ഡ്യ 5(5) റണ്‍സ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 1*(2) പുറത്താകാതെ നിന്നു. തന്റെ മുന്‍ ടീമിനെതിരെ മൂന്ന് വിക്കറ്റ് നേട്ടവുമായി മുഹമദ്ദ് സിറാജ് ഗുജറാത്ത് ബൗളര്‍മാരില്‍ മികച്ച് നിന്നു. നാലോവറില്‍ വെറും 19 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. രവിശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷദ് ഖാന്‍, പ്രസീദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.