സനാതന ധർമ്മം ഹിന്ദു മതത്തിന്റെ കുത്തകയല്ല, അതിന് ചാതുർ വർണ്യവുമായി ബന്ധമില്ല’


തിരുവനന്തപുരം: സനാതന ധര്‍മ്മം ഹിന്ദു മതത്തിന്റെ കുത്തകയല്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. സനാതന ധര്‍മ്മം സാര്‍വത്രികമാണ്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ അത് അടങ്ങിയിട്ടുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സനാതന ധര്‍മ്മത്തെയും, ഗുരുദേവ ദര്‍ശന ങ്ങളിലെ അതിന്റെ പ്രസക്തിയെയും പറ്റി സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഭിന്നത ശക്തമാകുന്നതിനിടെയാണ് സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവന.

1927ല്‍ ആലപ്പുഴയിലെ പള്ളാത്തുരുത്തിയില്‍ സമാധിക്കുമുമ്പ് ശ്രീനാരായണ ഗുരു അവസാനമായി നടത്തിയ പ്രസംഗത്തില്‍ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന വിളംബരം തന്നെ സനാതന ധര്‍മ്മ മാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സനാതന ധര്‍മ്മം എന്നാല്‍ ഹിന്ദു മതത്തിന്റെ കുത്തകയല്ല. ഇത് സാര്‍വത്രികമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്തനം ആഗ്രഹിക്കുന്ന വ്യക്തികളെ സനാതന ധര്‍മ്മത്തിലേക്ക് മാറാന്‍ ശ്രീനാരായണ ഗുരു പ്രേരിപ്പിക്കുകയാണ് ചെയ്തത്. സനാതന ധര്‍മ്മത്തിന് ചാതുര്‍വര്‍ണ്യ സമ്പ്രദായവുമായി യാതൊരു ബന്ധവുമില്ല. സനാതന ധര്‍മ്മം നിലനില്‍ക്കുന്നതുകൊണ്ടാണ് ക്രിസ്ത്യാനിറ്റിയും ഇസ്ലാമിസവും പോലുള്ള മതങ്ങള്‍ക്ക് ഭാരതത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എന്നാല്‍ തുടര്‍ന്നുള്ള കാലഘട്ടത്തില്‍, സനാതന ധര്‍മ്മം ഗുണപരമായ തകര്‍ച്ചയ്ക്ക് വിധേയമായി. ചാതുര്‍വര്‍ണ്യം, ജാതീയത തുടങ്ങിയ ദുരാചാരങ്ങളുടെ കടന്നുവരവോടെയാണ് ഇത് സംഭവിച്ചത്. ഇത് അയിത്തത്തിലേക്ക് ( തൊട്ടുകൂടായ്മ) നയിച്ചു. ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി തുടങ്ങിയ മഹാത്മാക്കള്‍ ഈ ദുരാചാരങ്ങളെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ഈ പ്രവര്‍ത്തനങ്ങളുമായി ശ്രീനാരായണ ഗുരു കൂടുതല്‍ മുന്നോട്ട് പോയി. മതത്തേക്കാള്‍ വലുതാണ് മനുഷ്യരെന്ന് ഗുരു പ്രഖ്യാപിച്ചു. മതം എന്തായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം, ഇന്നു കാണുന്നതുപോലെ മൂല്യച്യുതി വന്നു. ജാതീയതയുടെയും ചാതുര്‍ വര്‍ണ്യ വ്യവസ്ഥിതിയുടെയും ശക്തമായ സാന്നിധ്യം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പലരും അതിനെ സനാതന ധര്‍മ്മമായി തെറ്റായി വ്യാഖ്യാനിക്കുന്നു. ഈ ആശയപരമായ പ്രശ്‌നം നമ്മള്‍ പരിഹരിക്കേണ്ടതുണ്ട്. സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സനാതന ധര്‍മ്മം മതങ്ങളുടെ ആവിര്‍ഭാവത്തിന് വളരെ മുമ്പു മുതലുള്ളതാണെന്ന്, സനാതന ധര്‍മ്മവും ഹിന്ദുമതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ നേതാക്കളുടെ അവകാശവാദങ്ങളെ പരാമര്‍ ശിച്ച് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സനാതനധര്‍മ്മം ഭാരതത്തിന്റെ സംസ്‌കാരമാണ്. അക്കാലത്ത് ഹിന്ദുമതം ആവിര്‍ഭവിച്ചിട്ടില്ല. ഗുരുവും അത് സ്വീകരിച്ചു. ഹിന്ദുമതത്തിന് മാത്രം അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്ന ഒന്നല്ല സനാതന ധര്‍മ്മമെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.


Read Previous

പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും’; യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍

Read Next

സച്ചിദാനന്ദ സ്വാമി പറഞ്ഞത് പുതിയ കാര്യമല്ല; ക്ഷേത്രാചാരങ്ങളിൽ കാലാനുസൃതമായ മാറ്റം വേണം: വെള്ളാപ്പള്ളി നടേശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »