ഹരാരെ: സിംബാബ്‌വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 42 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെക്ക് 18.3 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

32 പന്തില്‍ 34 റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ്‌കുമാര്‍ നാല് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ശിവം ദുബെ രണ്ടും തുഷാര്‍ പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴത്തി.
നേരത്തെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 167 റണ്‍സ് പടുത്തയര്‍ത്തിയത്. 45 പന്തില്‍ നാല് സിക്സും ഒരു ഫോറും സഹിതം സഞ്ജു 58 റണ്‍സെടുത്തു. മധ്യനിരയില്‍ വെടിക്കെട്ടുമായി കളം നിറഞ്ഞ ശിവം ദുബെയാണ് സ്‌കോര്‍ 150 കടത്തിയത്. ദുബെ രണ്ട് വീതം സിക്സും ഫോറും സഹിതം 12 പന്തില്‍ 26 റണ്‍സെടുത്തു. 22 റണ്‍സെടുത്ത റിയാന്‍ പരാഗാണ് പിടിച്ചു നിന്ന മറ്റൊരു താരം. 9 പന്തില്‍ 11 റണ്‍സുമായി റിങ്കു സിങും 1 റണ്ണുമായി വാഷിങ്ടന്‍ സുന്ദറും പുറത്താകാതെ നിന്നു.
ടോസ് നേടി സിംബാബ്വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം സമ്മാനിച്ച ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (13), യശസ്വി ജയ്സ്വാള്‍ (5 പന്തില്‍ 12) എന്നിവര്‍ പെട്ടെന്നു മടങ്ങി. രണ്ട് സിക്സുകള്‍ തുടക്കത്തില്‍ തന്നെ തൂക്കി മിന്നും ഫോമിലാണ് യശസ്വി തുടങ്ങിയത്. എന്നാല്‍ അധികം നീണ്ടില്ല.
മൂന്നാമനായി എത്തിയ അഭിഷേക് ശര്‍മയും അധികം ക്രീസില്‍ നിന്നില്ല. താരം 14 റണ്‍സുമായി പുറത്ത്. ഒരു ഘട്ടത്തില്‍ 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ സഞ്ജു- റിയാന്‍ പരാഗ് സഖ്യമാണ് ഇന്നിങ്സ് ട്രാക്കിലാക്കിയത്. ഇരുവരും ചേര്‍ന്നു 65 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. സിംബാബ്വെക്കായി ബ്ലെസിങ് മസര്‍ബാനി രണ്ട് വിക്കറ്റുകളെടുത്തു. ക്യാപ്റ്റന്‍ സികന്ദര്‍ റാസ, റിച്ചാര്‍ഡ് നഗരവ, ബ്രണ്ടന്‍ മവുറ്റ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.