ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മികച്ച തുടക്കം നല്‍കി. സഖ്യം രണ്ടോവറില്‍ 25 റണ്‍സെടുത്താണ് പിരിഞ്ഞത്. 16 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 7 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി.
ഓപ്പണറായി ഇറങ്ങിയ സഞ്ജു സ്ഥാനത്ത് തിളങ്ങി. മലയാളി താരം 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 29 റണ്‍സ് കണ്ടെത്തി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവുമൊത്ത് സഞ്ജു 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യ കുമാര്‍ 14 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സെടുത്തു മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡി- ഹര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയ തീരത്തെത്തിച്ചു.
16 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം ഹര്‍ദിക് 39 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സടിച്ചാണ് താരം ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തില്‍ ഒരു സിക്‌സ് അടക്കം 16 റണ്‍സുമായി പുറത്താകാതെ ഹര്‍ദികിനൊപ്പം തുടര്‍ന്നു.
നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കിടിലന്‍ ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. അര്‍ഷ്ദീപ് 3.5 ഓവറി ല്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനും സാധിച്ചു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മഹ്മുദുല്ലയാണ് താരത്തിന്റെ കന്നി രാജ്യാന്തര വിക്കറ്റായി മടങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റെടുത്തു.
ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 32 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതി. താരത്തെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 27 റണ്‍സ് കണ്ടെത്തി.