
ഡമാസ്‌കസ്: സിറിയയില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. അസദ് കുടുംബത്തെ അധികാരത്തിൽ നിന്ന് നീക്കി നാല് മാസങ്ങൾക്ക് ശേഷമാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയില്‍ സ്ഥിരത തിരികെ കൊണ്ടു വരാനാണ് ശ്രമമെന്ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മത പ്രതിനിധികളും പ്രാദേശിക ഗോത്ര പ്രതിനിധികളും ചേര്‍ന്ന 23 അംഗ മന്ത്രിസഭയാണ് സിറിയയില്‍ നിലവില്‍ വന്നത്. സിറിയന്‍ സർക്കാരിന് ഒരു സെക്രട്ടറി ജനറൽ ആണ് ഉണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി ഇല്ലായെന്നും ഇടക്കാല പ്രസിഡന്‍റായ അഹമ്മദ് അൽ-ഷറ ഈ മാസം ആദ്യം ഒപ്പുവച്ച താത്കാലിക ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു.
ഇടക്കാല സർക്കാരിൽ ഉണ്ടായിരുന്ന മന്ത്രിമാരെ പുതിയ സര്‍ക്കാരില്‍ നിന്ന് മാറ്റിയിട്ടില്ല. പുതിയ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. ഇടക്കാല സർക്കാരിനെ നയിച്ച മുഹമ്മദ് അൽ-ബഷീറിനെ ഊർജ മന്ത്രിയായി നിയമിച്ചു. സംഘർഷത്തില്‍ തകർന്ന വൈദ്യുതി, എണ്ണ മേഖലകളെ പുനസ്ഥാപിക്കുകയാണ് അല്‍ ബഷീറിന്‍റെ ദൗത്യം.
ഇന്‍റലിജൻസ് വകുപ്പിന്‍റെ തലവനായിരുന്ന അനസ് ഖത്താബ് ആണ് സിറിയയുടെ പുതിയ ആഭ്യന്തര മന്ത്രി. മുർഹഫ് അബു ഖസ്രയാണ് പുതിയ പ്രതിരോധ മന്ത്രി. ജനങ്ങളിൽ നിന്നും ജനങ്ങൾക്കായി ഒരു പ്രൊഫഷണൽ സൈന്യത്തെ കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി സത്യപ്രതിജ്ഞ ചടങ്ങില്‍ പറഞ്ഞു.
ക്രിസ്‌ത്യൻ ആക്‌ടിവിസ്റ്റായ ഹിന്ദ് കബാവത്തും പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു. കബാവത്തിനെ സാമൂഹിക കാര്യ, തൊഴിൽ മന്ത്രിയായാണ് നിയമിച്ചത്. 2011 മാർച്ചിൽ സംഘർഷം ആരംഭിച്ചത് മുതൽ ബഷാറുല്‍ അസദിനെതിരെ ശബ്‌ദമുയര്‍ത്തുന്ന വ്യക്തിയാണ് കബാവത്ത്. വൈറ്റ് ഹെൽമെറ്റ്സ് എന്നറിയപ്പെടുന്ന സിറിയൻ സിവിൽ ഡിഫൻസിന്‍റെ തലവനായ റായ്‌ദ് സാലിഹ് ആണ് മറ്റൊരു മന്ത്രി. അടിയന്തര ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് റായ്‌ദ്. ഡമാസ്‌കസിൽ നിന്നുള്ള സിറിയൻ കുർദ് വംശജനായ മുഹമ്മദ് ടെർക്കോ ആണ് വിദ്യാഭ്യാസ മന്ത്രി.
അതേസമയം, യുഎസ് പിന്തുണയുള്ള, കുർദിഷ് നേതൃത്വത്തിലെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിലെയോ വടക്കു കിഴക്കൻ സിറിയയിലെ സ്വയംഭരണ സിവിൽ ഭരണ കൂടത്തിലെയോ അംഗങ്ങളെ സർക്കാരില്‍ ഉൾപ്പെടുത്തിയില്ല. യുഎസ് പിന്തുണയുള്ള സേനയെ സിറിയൻ സൈന്യത്തിൽ ലയിപ്പിക്കുന്നതും രാജ്യ വ്യാപകമായ വെടിനിർത്തലും സംബന്ധിച്ച ഒരു കരാറിൽ അൽ-ഷറയും എസ്‌ഡിഎഫ് കമാൻഡർ മസ്ലൂം അബ്‌ദിയും ഈ മാസം ആദ്യം ഡമാസ്‌കസിൽ ഒപ്പുവെച്ചിരുന്നു.
സിറിയയിലെ ന്യൂനപക്ഷവും അസദിന്‍റെ വിഭാഗവുമായ അലവൈറ്റ് വിഭാഗത്തിലെ അംഗങ്ങൾ താമസിക്കുന്ന തീരദേശ മേഖലയിൽ ഈ മാസം ആദ്യം ഏറ്റുമുട്ടലുകളുണ്ടായിരുന്നു. അക്രമത്തിൽ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും അലവൈറ്റ് വിഭാഗക്കാർ ആണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിൽ ഇപ്പോൾ രാജ്യം ഭരിക്കുന്ന വിമത ഗ്രൂപ്പുകളിൽ ഭൂരിഭാഗവും സുന്നികളാണ്. എന്നാൽ ഒരു സ്‌ത്രീയും ഒരു അലവൈറ്റ് പ്രതിനിധിയും ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തോടെ പാശ്ചാത്യ രാജ്യങ്ങള്‍ സിറിയക്ക് മേലെ ഏര്‍പ്പെടുത്തിയിരി ക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്നാണ് സിറിയയുടെ പ്രതീക്ഷ. ഒരു ദശാബ്‌ദത്തി ലേറെ മുമ്പ് അസദ് ഭരണകൂടത്തിനെതിരെ ഏർപ്പെടുത്തിയിരുന്നതാണ് ഈ ഉപരോധങ്ങള്‍. 90% സിറിയക്കാരും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നും യുദ്ധത്തിന്‍റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും യുഎൻ പറയുന്നു.
അതിനിടെ, ചെറിയ പെരുന്നാള്‍ ദിവസത്തില്‍ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് സിറിയയിലെ യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡമാസ്‌ക സിലെ എംബസികൾ, അന്താരാഷ്‌ട്ര സംഘടനകൾ, സിറിയൻ പൊതു സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യ മിട്ട് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.