മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ പ്രശംസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ വിധിയിലൂടെ ബിജെപിയുടെ ഗൂഢാലോചന തുറന്നു കാട്ടുന്നതായും, കേന്ദ്രം ജനവിധിയെ മാനിക്കണമെന്നും ഖാർഗെ പറഞ്ഞു.

“ശ്രീ രാഹുൽ ഗാന്ധിക്ക് ആശ്വാസം നൽകുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, നീതി ലഭിച്ചു, ജനാധിപത്യം വിജയിച്ചു. രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ ഗൂഢാലോചന വേട്ടയാടുന്നത് തുറന്നുകാട്ടപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെയ്ക്കുന്ന ബിജെപിയുടെ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിത്,”- ഖാർഗെ ട്വീറ്റ് ചെയ്തു.
2019ലെ കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയും രണ്ട് വർഷം തടവും പിഴയും വിധിക്കുകയും ചെയ്തു. ഇതോടെ രാഹുലിന് എം പി സ്ഥാനം നഷ്ടപ്പെട്ടു. തുടർന്ന് വിധിയെ ചോദ്യം ചെയ്ത രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുലിനെ വിമർശിക്കുന്നതിനൊപ്പം ശിക്ഷാവിധി റദ്ദാക്കാനും ഇളവ് നൽകാനും കോടതി വിസമ്മതിച്ചു. ഇതോടെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.