

റിയാദ്: സൗദി അറേബ്യ എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ടൂറിസം മേഖല ആകര്‍ഷകമാക്കി കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് എത്തി ക്കാനാണ് പദ്ധതി. ഇന്ത്യയെ ആണ് സൗദി പ്രധാനമായും നോട്ടമിടുന്നത്. മധ്യവര്‍ഗ വിഭാഗം കൂടുതലുള്ള ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പുറപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവരെ സൗദിയിലേക്ക് ആകര്‍ഷിപ്പിക്കുക എന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ സൗദിയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി വ്യത്യസ്ത പരിപാടികള്‍ നടന്നു. എന്തുകൊണ്ട് ഇന്ത്യയെ സൗദി ഇക്കാര്യത്തില്‍ ലക്ഷ്യമിടുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. വിശദീകരിക്കാം..
വരും വര്‍ഷങ്ങളില്‍ സൗദി അറേബ്യ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. അതിവേഗമുള്ള വളര്‍ച്ചയ്ക്ക് അവര്‍ ലക്ഷ്യമിടുന്നത് ഇന്ത്യയില്‍ നിന്നുള്ളവരെയാണ്. ഇന്ത്യന്‍ യാത്രക്കാരെ ആകര്‍ഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ സൗദിയുടെ ടൂറിസം മേഖലയില്‍ ഉണര്‍ച്ചയുണ്ടാകുമെന്നും അവര്‍ കരുതുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ടൂറിസം പ്രൊമോഷന്‍ പരിപാടികള്‍.
ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കണം എന്നാണ് സൗദിയുടെ ലക്ഷ്യം. അതായത്, 20 ലക്ഷം ഇന്ത്യക്കാരെയാണ് സൗദി ഈ വര്‍ഷം ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സൗദി സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാന്‍ നാല് ദിവസത്തെ പ്രത്യേക വിസ ഉള്‍പ്പെടുന്ന വിമാന ടിക്കറ്റ് സൗദി ഒരുക്കിയിട്ടുണ്ട്.


ഇന്ത്യയെ പ്രധാന മാര്‍ക്കറ്റായി സൗദി കാണുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൂടുതലായി സൗദിയിലെത്താന്‍ സാധ്യതയുണ്ട്. ഇതിന് വേണ്ടി ആകര്‍ഷകരമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് സൗദി ടൂറിസം അതോറിറ്റി. ഏതാനും വര്‍ഷങ്ങള്‍ക്കകം സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ത്താനാണ് തീരുമാനം. 2030 ആകുമ്പോഴേക്കും 10 കോടി വിനോദ സഞ്ചാരികളെയാണ് സൗദി ലക്ഷ്യമിടുന്നത്.
റോഡ് ഷോ ഉള്‍പ്പെടെ വ്യത്യസ്തമായ പരിപാടികളാണ് സൗദി ടൂറിസം വകുപ്പ് ഈ മാസം ഇന്ത്യയില്‍ നടത്തിയത്. ട്വന്റി 20 ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി സൗദി ഈ വര്‍ഷം കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ തങ്ങള്‍ ലക്ഷ്യമിടുന്ന പ്രധാന മാര്‍ക്കറ്റാണെന്ന് സൗദി ടൂറിസം വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ ആരാധകരെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ സൗദി വ്യത്യസ്തമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ കായിക മല്‍സരങ്ങള്‍ സൗദിയില്‍ സംഘടിപ്പിക്കാനും അതുവഴി കൂടുതല്‍ പേരെ സൗദിയിലെ ത്തിക്കാനുമാണ് പുതിയ പദ്ധതികള്‍. സൗദിയിലെത്തുന്നവര്‍ക്ക് ഉംറയ്ക്കുള്ള ഓഫറും ഭരണകൂടം മുന്നോട്ട് വച്ചിരുന്നു. മാത്രമല്ല, ചരിത്രപരമായ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അനുമതി നല്‍കിയിരുന്നു.