
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യ. അനധികൃത മായി ആളുകള്‍ ഹജ്ജ് ചെയ്യാനെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഹജ്ജ് പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കും നിയമം ലംഘിച്ച് ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നവര്‍ക്കുമുള്ള പിഴകള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഹജ്ജ് ചെയ്യുന്നതിനായി വിദേശികള്‍ക്ക് വിസിറ്റ് വിസ സൗകര്യം ഒരുക്കുന്നവര്‍ക്കും വിസ കാലാവധി കഴിഞ്ഞിട്ടും ഹജ്ജ് നിര്‍വഹിക്കുന്നതിനായി നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയമോ ഗതാഗത സൗകര്യമോ നല്‍കുന്നവര്‍ക്കും പരമാവധി ഒരു ലക്ഷം റിയാലാണ് പിഴയായി പ്രഖ്യാപിച്ചിരിക്കുന്നുത്.
ഏപ്രില്‍ 29 മുതല്‍ അഥവാ ഹിജ്രി മാസം ദുല്‍ഖഅദ ഒന്നു മുതല്‍ ഹജ്ജ് സീസണ്‍ അവസാനിക്കുന്ന ദുല്‍ഹജ്ജ് 14 വരെയുള്ള ഒന്നര മാസക്കാലം ഹജ്ജുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിരിക്കുന്ന പ്രത്യേക നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാത്തവര്‍ക്ക് പിഴകള്‍ ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
- പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് പരമാവധി 20,000 റിയാല്‍ പിഴ ചുമത്തും. അനധികൃതമായി മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന എല്ലാ തരം സന്ദര്‍ശന വിസകളിലുമുള്ളവര്‍ക്കും ഇതേ പിഴ ബാധകമാവും.
- പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിച്ചതോ നിര്‍വഹിക്കാന്‍ ശ്രമിച്ചതോ ആയ വ്യക്തിക്ക്, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിച്ചതോ താമസിച്ചതോ ആയ വ്യക്തിക്കു വേണ്ടി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഏതൊരാള്‍ക്കും പരമാവധി 100,000 റിയാല്‍ പിഴ ചുമത്തും. നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ എണ്ണത്തിന് അനുസൃതമായി പിഴ ഇരട്ടിയാക്കും.
നിര്‍ദ്ദിഷ്ട കാലയളവില്‍ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കും, ഹോട്ടലുകള്‍, അപ്പാര്‍ട്ടു മെന്റുകള്‍, സ്വകാര്യ ഭവനങ്ങള്‍, ഷെല്‍ട്ടറുകള്‍, ഹജ്ജ് തീര്‍ത്ഥാടകരുടെ താമസ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വിസിറ്റ് വിസ ഉടമകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്കും ഒരു ലക്ഷം രൂപ പിഴ ബാധകമാണ്. ഇത്തരക്കാര്‍ നിയമം ലംഘിച്ച് താമസിക്കുന്ന കാര്യം അധികൃതരില്‍ നിന്ന് മറച്ചുവെക്കുന്നവര്‍ക്കും അവര്‍ക്ക് മറ്റേതെങ്കിലും വിധത്തിലുള്ള സഹായം നല്‍കുന്നവര്‍ക്കും ഇതേ പിഴ ബാധകമാവും.
- പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ അവരുടെ രാജ്യങ്ങ ളിലേക്ക് നാടുകടത്തുകയും 10 വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും. രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും വിസിറ്റ് വിസയിലെത്തി സൗദിയില്‍ നിന്ന് പുറത്തു പോവാത്ത വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.
- മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും സന്ദര്‍ശന വിസ ഉടമകളെയും പ്രത്യേക പ്രവേശന പെര്‍മിറ്റ് ഇല്ലാത്തവരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.