
ജിദ്ദ: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയി പ്പുമായി സൗദി. അംഗീകൃത ഹജ്ജ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാത്രമേ സേവനങ്ങള്‍ തേടാവൂ എന്നും അല്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. സൗദി സര്‍ക്കാരിൻ്റെ അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമേ ഹജ്ജ് തീര്‍ഥാടനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം തട്ടിപ്പിന് ഇരയാവാന്‍ സാധ്യതയേറെയാണ്. ഔദ്യോഗിക ‘നുസുക്’ പ്ലാറ്റ്ഫോമിന് പുറത്തുള്ള ഹജ്ജ് സേവനങ്ങളുടെ എല്ലാ പരസ്യങ്ങളും വഞ്ചനാപരമാണെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മക്ക, മദീന പോലുള്ള ഇടങ്ങളില്‍ താമസ സൗകര്യവും ഗതാഗത സേവനങ്ങളും വാഗ്ദാനം ചെയ്ത് എക്സ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്നും അധികൃതര്‍ വ്യക്തമാക്കി. പാവങ്ങളായ തീര്‍ഥാടകരെ കെണിയില്‍ വീഴ്ത്തി പണം തട്ടാനുള്ള തട്ടിപ്പ് സംഘങ്ങളുടെ കെണികളാണിത്.
ഇതിനകം ഓണ്‍ലൈനില്‍ വ്യാജ ഹജ്ജ് പാക്കേജുകള്‍ പരസ്യം ചെയ്തതിന് അഞ്ച് പേരെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടിപ്പ് നടത്താന്‍ പദ്ധതിയൊരുക്കി, ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ നുസുക് പ്ലാറ്റ്ഫോം വഴി സേവന ദാതാക്കളെ കണ്ടെത്തണം. നുസുക് പ്ലാറ്റ്ഫോം വഴി 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര തീര്‍ഥാടകര്‍ക്ക് ലൈസന്‍സുള്ള ഹജ്ജ് സേവന ദാതാക്കളെ കുറിച്ചുള്ള വിവര ങ്ങള്‍ അറിയാനും സേവനങ്ങളുടെ ഗുണനിലവാരവും വിലയും വിലയിരുത്തി ആവശ്യമായ പാക്കേജു കള്‍ തിരഞ്ഞെടുക്കാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ്ഡിഎഐഎ) യുമായി സഹകരിച്ച് ആരംഭിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റല്‍ പെര്‍മിറ്റ് സിസ്റ്റമായ ”തസ്രീഹ്” പ്ലാ റ്റ്ഫോമു മായി നുസുക് പ്ലാറ്റ്‌ഫോം യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നുസുക് പ്ലാറ്റ്ഫോമിനെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്ന് ഹജ്ജ്, ഉംറ എന്നിവയ്ക്കായുള്ള ദേശീയ കമ്മിറ്റിയുടെ ഉപദേഷ്ടാവ് അഹമ്മദ് ബജാഫര്‍ പറഞ്ഞു. ഹജ്ജ് സേവനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ശുദ്ധ തട്ടിപ്പുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സംശയാസ്പദമായ പരസ്യങ്ങളോ അനധികൃത ഹജ്ജ് സേവനങ്ങളോ ശ്രദ്ധയില്‍ പെടുന്നവര്‍ അക്കാര്യം മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പറിലും റിപ്പോര്‍ട്ട് ചെയ്യണമന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.