2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും; ഔദ്യോഗിക പ്രഖ്യാപനം വന്നു; റിയാദ്, ജിദ്ദ, അല്‍കോബാര്‍, അബഹ, നിയോം എന്നിവിടങ്ങളില്‍ 15 സ്‌റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ഒരുക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ 2030 പതിപ്പിൻ്റെ സഹ-ആതിഥേയത്വം വഹിക്കും


റിയാദ്: 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താനും തീരുമാനമായി. 

സൗദി ജനതയുടെ ആകാംക്ഷക്കും ഉദ്വേഗത്തിനും അവസാനമായി. സൗദി അറേബ്യ ഇനി വരാനിരി ക്കുന്ന മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാ നുള്ള അവകാശം സൗദി അറേബ്യക്ക് നല്‍കുന്ന ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ഫിഫ പ്രഖ്യാപനം വന്ന ചരിത്ര നിമിഷമായ ബുധനാഴ്ച വൈകീട്ട് 6.45ന് തന്നെ സൗദി ജനത ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആഗോള കായിക കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ യാത്രയിലെ നിര്‍ണായക നിമിഷമായിരുന്നു ഈ പ്രഖ്യാപനം.

ഞങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഫുട്ബോൾ എത്തിക്കുന്നു, ടീമുകളുടെ എണ്ണം ഗുണനിലവാരത്തെ ദുർബലപ്പെടുത്തിയിട്ടില്ല. ഇത് യഥാർത്ഥത്തിൽ അവസരം വർദ്ധിപ്പിച്ചു,” 2030 ലോകകപ്പിനെക്കുറിച്ച് ഇൻഫാൻ്റിനോ പറഞ്ഞു.

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് എതിരാളിയി ല്ലായിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ക്രമീകരണങ്ങളും തയാറെടുപ്പുകളും ഓഫറുകളും തയാറാക്കി സൗദി അറേബ്യ സമര്‍പ്പിച്ച ഫയലിന് 500 ല്‍ 419.8 റേറ്റിംഗ് ലഭിച്ചതായി ഫിഫ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആണ് സൗദി അറേബ്യ നേടിയത്. അഭൂതപൂര്‍വമായ ചരിത്ര നേട്ടമാണിത്.

മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ‘നാം ഒരുമിച്ച് വളരുന്നു’ (Growing Together) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ലോകകപ്പ് ആതിഥേയത്വത്തിനുള്ള ഫയല്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സൗദി അറേബ്യ സമര്‍പ്പിച്ചത്. നൂതന രൂപകല്‍പനകളും സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന ഒരുകൂട്ടം അത്ഭുതകരമായ സ്റ്റേഡിയങ്ങള്‍ സൗദി അറേബ്യയുടെ ഫയലില്‍ ഉള്‍പ്പെടുന്നുവെന്ന് ഫിഫ സാങ്കേതിക റിപ്പോര്‍ട്ട് വ്യക്തമാക്കി. ലോകകപ്പിനായി സൗദി അറേബ്യ തയാറാക്കുന്ന സ്റ്റേഡിയങ്ങള്‍ പുനരുപയോഗ ഊര്‍ജം മുതല്‍ പുനരുപയോഗിക്കാവുന്ന നിര്‍മാണ സാമഗ്രികള്‍ വരെ, ഭാവിയിലെ സ്റ്റേഡിയം രൂപകല്‍പനകളും ഘടനകളും കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റിമറിക്കുമെന്ന് ഫിഫ വിശേഷിപ്പിച്ചു.

2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ആതിഥേയരാകാൻ ഏഷ്യ, ഒഷ്യാനിയ മേഖലകളിൽനിന്നു മാത്രമായിരുന്നു ഫിഫ ബിഡുകൾ ക്ഷണിച്ചിരുന്നത്.  ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. 

ഖിദിയ പദ്ധതിയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, ദി ലൈന്‍ പദ്ധതിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നിയോം സ്റ്റേഡിയം, ന്യൂ മുറബ്ബ സ്‌റ്റേഡിയം, റോഷന്‍ സ്‌റ്റേഡിയം എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. എല്ലാ സ്റ്റേഡിയങ്ങളും മൊത്തം കപ്പാസിറ്റി വ്യവസ്ഥകള്‍ നിറവേറ്റുന്നു. ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് ഏകദേശം 93,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും, ഓപ്പണിംഗിന്, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഫിഫ ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ ശേഷി 80,000 സീറ്റുകളാണ്.

റിയാദ്, ജിദ്ദ, അല്‍കോബാര്‍, അബഹ, നിയോം എന്നിവിടങ്ങളില്‍ 15 സ്‌റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ഒരുക്കുന്നത്. ഇതില്‍ എട്ടെണ്ണം റിയാദിലാകും. തുവൈഖ് പര്‍വതത്തിന്റെ കൊടുമുടികളിലൊന്നില്‍ സ്ഥിതി ചെയ്യുന്ന ഖിദിയയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, കിംഗ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ബലദില്‍ നിര്‍മിക്കുന്ന സെന്‍ട്രല്‍ ജിദ്ദ സ്റ്റേഡിയം, ജിദ്ദ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, അറേബ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് അല്‍കോബാറിലെ സൗദി അറാംകൊ സ്‌റ്റേഡിയം, ദക്ഷിണ സൗദിയില്‍ അബഹയിലെ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയം എന്നിവിടങ്ങളിലും ലോകകപ്പ് മത്സരങ്ങള്‍ നടക്കും.

ദി ലൈന്‍ പദ്ധതിയുടെ ഭാഗമായി 350 ലേറെ മീറ്റര്‍ ഉയരത്തിലുള്ള നിയോം സ്‌റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ സ്‌റ്റേഡിയമാകും. വി.ഐ.പികള്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഡെലിഗേഷനുകള്‍, പങ്കെടുക്കുന്ന ടീമുകള്‍, മീഡിയ പ്രൊഫഷണലുകള്‍, ആരാധകര്‍ എന്നിവര്‍ക്കായി 2,30,000 ലേറെ ഹോട്ടല്‍ മുറികള്‍, പരിശീലനത്തിനായി നിയുക്തമാക്കിയ 72 സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 15 നഗരങ്ങളിലെ 132 പരിശീലന ആസ്ഥാനങ്ങള്‍, റഫറിമാര്‍ക്കുള്ള രണ്ട് പരിശീലന കേന്ദ്രങ്ങള്‍ എന്നീ സൗകര്യങ്ങളും സൗദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 48 ടീമുകളുടെ പങ്കാളിത്തത്തോടെ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായിരിക്കും സൗദി അറേബ്യ. ലോകകപ്പ് സംഘടിപ്പിക്കാന്‍ അവസരം ലഭിക്കുന്ന നാലാമത്തെ ഏഷ്യന്‍ രാജ്യമാണ് സൗദി അറേബ്യ. 2002 ലോകകപ്പ് ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി സംഘടിപ്പിച്ചു. 2022 ലോകകപ്പ് സംഘടിപ്പിച്ച് ഖത്തര്‍ ലോകത്തെ അമ്പരപ്പിച്ചു.

ലോകകപ്പ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ സൗദി അറേബ്യ സ്വന്തം പേര് രേഖപ്പെടുത്തുമ്പോള്‍, ഏറ്റവും കൂടുതല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമായി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് മെക്സിക്കോ. മെക്‌സിക്കോ 1970 ലും 1986 ലും ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. അമേരിക്ക, കാനഡ എന്നിവയുടെ പങ്കാളിത്തത്തോടെ 2026 ലോകകപ്പ് സംഘടിപ്പിക്കുന്നതിലും മെക്‌സിക്കോ പങ്കാളിത്തം വഹിക്കും. അങ്ങിനെ മൂന്ന് തവണ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി മെക്‌സിക്കോ മാറും.

2034 പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ നൂതന അടിസ്ഥാന സൗകര്യങ്ങളും ആധുനിക കായിക സൗകര്യങ്ങളും ഉള്‍പ്പെടുന്ന വികസന പരിവര്‍ത്തനത്തിന്റെ പിന്തുണയോടെ, ആഗോള കായിക കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. 1930 ല്‍ ഉറൂഗ്വേയില്‍ ലോകകപ്പിന് തുടക്കമായ ശേഷം ആറ് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തം മണ്ണില്‍ ലോകകപ്പ് നേടാനായത്. 1930 ല്‍ ഉറുഗ്വേ, 1934 ല്‍ ഇറ്റലി, 1966 ല്‍ ഇംഗ്ലണ്ട്, 1974 ല്‍ പശ്ചിമ ജര്‍മ്മനി, 1978 ല്‍ അര്‍ജന്റീന, 1998 ല്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സ്വന്തം മണ്ണില്‍ വെച്ച് ലോകകപ്പില്‍ മുത്തമിട്ടത്. സ്വന്തം മണ്ണില്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ കാത്തിരിക്കുന്ന സൗദി ദേശീയ ടീമിന് ഈ കണക്കുകള്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നു.

ഒരു കായിക അവസരമായി മാത്രമല്ല, സമ്പന്നമായ സംസ്‌കാരവും ചരിത്രവും പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി കൂടിയായി മാറുന്ന നിലക്കാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നത്. ഇത് ആഗോള തലത്തില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കും. ഫിഫ പ്രഖ്യാപനം മുന്‍കൂട്ടി കണ്ട് രാജ്യവ്യാപകമായ ആഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, ഡ്രോണ്‍ ഷോകള്‍, പ്രധാന നഗരങ്ങളില്‍ ഫാന്‍ സോണുകള്‍ എന്നിവ ആസൂത്രണം ചെയ്യുകയും സജ്ജീകരിക്കുകയും ചെയ്തിരുന്നു.


Read Previous

ഇത്തവണ സിഡ്നി സ്വീനിക്കൊപ്പം: ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്?

Read Next

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ത്രെഡ് എന്നീ പ്ലാറ്റ്ഫോമുകൾ ലോകവ്യാപകമായി തകരാറിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »