റബറ്റ്: ക്ലബ് ലോകകപ്പില്‍ ഒരിക്കല്‍ കൂടി റയല്‍ മാഡ്രിഡിന്റെ മുത്തം. ഫൈനലില്‍ സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ അഞ്ചാം കിരീട നേട്ടം.

ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍, ഉറുഗ്വെ താരം ഫെഡെറിക്കോ വാല്‍വെര്‍ഡെ എന്നിവര്‍ റയലിനായി ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഒരു ഗോള്‍ കരിം ബെന്‍ സെമയും വലയിലാക്കി. ലുസിയാനോ വിയെറ്റോ അല്‍ ഹിലാലിനായും ഇരട്ട ഗോള്‍ വലയിലാക്കി. റയലിന്റെ സൂപ്പര്‍ താര സംഘത്തിനെതിരെ കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമാണ് അല്‍ ഹിലാലും പുറത്തെടുത്തത്.
തുടക്കം മുതല്‍ റയലിന്റെ ആധിപത്യമായിരുന്നു. 13ാം മിനിറ്റില്‍ വിനിഷ്യസിന്റെ ഗോളിലാണ് റയല്‍ മാഡ്രിഡ് ലീഡ് എടുത്തത്. അഞ്ച് മിനിറ്റിനുള്ളില്‍ വാല്‍വെര്‍ഡെ യുടെ ഗോളില്‍ റയല്‍ ലീഡ് ഇരട്ടിയാക്കി.
എന്നാല്‍ 26ാം മിനിറ്റില്‍ മൗസ മരേഗയിലൂടെ അല്‍ ഹിലാല്‍ ഒരു ഗോള്‍ മടക്കി. ഇതോടെ അവര്‍ക്ക് പ്രതീക്ഷയുമായി.രണ്ടാം പകുതിയുടെ തുടക്കം മുതല്‍ റയല്‍ കടുത്ത ആക്രമണം തന്നെ നടത്തി. 54ാം മിനിറ്റില്‍ ബെന്‍സെമയുടെ വക മൂന്നാം ഗോള്‍ റയല്‍ ബോര്‍ഡിലെത്തി. നാല് മിനിറ്റിനുള്ളില്‍ വാല്‍വെര്‍ഡെയുടെ ഗോളും വന്നു.
63ാം മിനിറ്റില്‍ അല്‍ ഹിലാല്‍ ലീഡ് കുറച്ചു. ലുസിയാനോ വിയെറ്റോയാണ് അല്‍ ഹിലാലിനായി രണ്ടാം ഗോള്‍ വലയിലാക്കിയത്.69ാം മിനിറ്റില്‍ വിനിഷ്യസ് തന്റെ രണ്ടാം ഗോളിലൂടെ റയലിന് അഞ്ചാം ഗോളും സമ്മാനിച്ചു. 79ാം മിനിറ്റില്‍ വിയെറ്റോ തന്റെ രണ്ടാം ഗോളിലൂടെ അല്‍ ഹിലാലിന്റെ പരാജയ ഭാരം കുറിച്ചു.
റയല്‍ മാഡ്രിഡിന്റെ അഞ്ചാം ക്ലബ് ലോകകപ്പ് ആണിത്. ഇതിന് മുമ്പ് 2014, 2016, 2017, 2018 വര്‍ഷങ്ങളിലും റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് സ്വന്തമാക്കിയിരുന്നു.