
അൽ ഉല: സൗദിയിൽ കാർഷിക വിളകൾക്ക് പേരു കേട്ടയിടമാണ് അൽ ഉല. റമദാൻ മാസത്തിൽ വൈവിധ്യങ്ങളായ ഇഫ്താർ, സുഹൂർ വിഭവങ്ങൾ ഒരുക്കുന്നതിൽ ഈ വിളകളുടെ പങ്ക് ചെറുതല്ല. അൽ ഉല പ്രദേശത്തെ പ്രത്യേകമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ഉയർന്ന ഗുണനിലവാരത്തിലുള്ള വിളകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വരുന്ന കാർഷിക പാരമ്പര്യമാണ് ഇവിടുത്തേത്. അൽ ഉലയിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെ ടുന്നത് ഈന്തപ്പഴമാണ്. ഉയർന്ന ഗുണനിലവാരത്തിന് പേരുകേട്ട അൽബാർണി, ഹൽവ, അജ് വ എന്നീ ഈന്തപ്പഴങ്ങൾ അൽ ഉലയിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇഫ്താറുകളിൽ ഈന്തപ്പഴത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കൂടാതെ, റമദാനോടനുബന്ധിച്ച് ഒരുക്കുന്ന മധുര പലഹാരങ്ങളുൾപ്പെടുന്ന പല വിഭവങ്ങളിലും ഈന്തപ്പഴങ്ങൾ അത്യന്താപേക്ഷിതമാണ്.
ഈന്തപ്പഴങ്ങളെ കൂടാതെ ഓറഞ്ച്, നാരങ്ങ, മാതള നാരങ്ങ, അത്തിപ്പഴം, മുന്തിരി തുടങ്ങിയ സീസണൽ വിളകളും കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക വിപണികളിൽ സുലഭമായ ഇത്തരം പഴങ്ങൾ കഴിക്കുന്നതി ലൂടെ നോമ്പുകാലത്ത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കും. സുസ്ഥിരമായ കാർഷിക രീതിയിലൂടെ നിരവധി പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വെള്ളരി, തക്കാളി, വഴുതനങ്ങ, കുരുമുളക് തുടങ്ങിയവ അവയിൽ ചിലതാണ്. റമദാൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത സലാഡുകളിൽ ഈ പച്ചക്കറികൾ ഉപയോഗിക്കുന്നുണ്ട്. ഉപവാസ സമയത്ത് ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുന്നതിൽ ഇത്തരം സാലഡുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

അൽ ഉലയിലെ മിക്ക കാർഷിക ഫാമുകളിലും ഉയർന്ന ഗുണമേന്മയുള്ള വിളകൾ ഉൽപ്പാദിപ്പിക്കുന്നതി നും സുസ്ഥിരമായ കൃഷി രീതി പിന്തുടരുന്നതിനും അത്യാധുനിക ജലസേചന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അൽ ഉലയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിളകൾ പ്രദേശത്തെ കാർഷിക പാരമ്പര്യവു മായി ആഴത്തിൽ ഇഴ ചേർന്നിരിക്കുന്നു. റോയൽ കമീഷൻ ഫോർ അൽ ഉലയുടെ കാർഷിക മേഖലയിൽ നിന്നുള്ള 2024ലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം, 18,000 ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്ന ഗവർണറേറ്റിന്റെ കൃഷിയിടങ്ങളിൽ നിന്ന് 1,27,000 ടണ്ണിലധികം പഴങ്ങളാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. 200 ഹെക്ടറുകളിലായി 800 ടണ്ണിലധികം ധാന്യ ഉൽപ്പാദനം നടക്കുന്നുണ്ട്. 60 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ശീതകാല കാർഷിക വിളകൾ പ്രതിവർഷം 1565 ടൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. 101 ഹെക്ടറി ലെ വേനൽക്കാല പച്ചക്കറികൾ വർഷം തോറും 2150 ടൺ വെച്ചാണ് ഇൽപ്പാദിപ്പിക്കുന്നത്. അതേസമയം സംരക്ഷിത പച്ചക്കറി വയലുകൾ 25 ഹെക്ടറിൽ വ്യാപിച്ച് കിടക്കുകയും പ്രതിവർഷം 1,500 ടൺ ഉൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.