റിയാദ്: കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകരിച്ച സൗദി റിയാലിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കണമെന്ന നിർദേശങ്ങളുമായി സൗദി സെൻട്രൽ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട് എട്ട് പുതിയ നിയമങ്ങളാണ് സെൻട്രൽ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തും വിദേശത്തും കറൻസിക്ക് ശക്തമായ ഒരു ഐഡന്റിറ്റി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിഹ്നം രൂപകൽപന ചെയ്തി രിക്കുന്നത്. സൗദി അറേബ്യയുടെ സാമ്പത്തികവും സാംസ്‌കാരികവുമായ സാന്നിധ്യം വർധിപ്പിക്കു ന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ചിഹ്നത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ നടപടി.

വിവിധ മേഖലകളിൽ റിയാൽ ചിഹ്നം പ്രത്യക്ഷപ്പെടുമ്പോൾ സ്ഥിരത ഉറപ്പാക്കുന്നതിനാണ് പുതിയ മാർഗനിർദേശങ്ങളുമായി സെൻട്രൽ ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. വ്യക്തതയ്ക്കായി റിയാലിന്റെ ചിഹ്നം എല്ലായ്‌പ്പോഴും സംഖ്യാ മൂല്യത്തിന്റെ ഇടതുവശത്ത് സ്ഥാപിക്കണം എന്നതാണ് നിയമങ്ങളി ലൊന്ന്. അതിന്റെ ശരിയായ അനുപാതങ്ങളും ജ്യാമിതീയ ഘടനയും നിലനിർത്തിക്കൊണ്ട് മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. കൂടാതെ അതിന്റെ ഉയരം ചുറ്റുമുള്ള വാചകത്തിന്റെ ഉയരവുമായി പൊരുത്തപ്പെടണം. ചിഹ്നം വാചകത്തിന്റെ ദിശയുമായി യോജിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ദൃശ്യ സന്തുലിതാവസ്ഥയ്ക്കായി അതിനു ചുറ്റും ഒരു ചെറിയ സ്വതന്ത്ര ഇടം ഉണ്ടായിരിക്കണം. ചിഹ്നത്തിന്റെ നിറം അതിന്റെ പശ്ചാത്തലവുമായി മതിയായ വ്യത്യാസമുള്ളതായിരിക്കണം. മറ്റുള്ള പ്രതലത്തി ൽനിന്ന് ചിഹ്നം വേറിട്ടുനിൽക്കുന്നുവെന്ന് ഉറപ്പാക്കണം.
സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും ദേശീയ അഭിമാനത്തെയും പ്രതിഫലിപ്പിക്കുന്ന അറബിക് കാലിഗ്രാഫിയിൽ നിന്നാണ് റിയാൽ ചിഹ്നത്തിന്റെ ഡിസൈൻ പ്രധാനമായും ഉരുത്തിരിഞ്ഞിരിക്കുന്നത്. ‘റിയാൽ’ എന്ന് അറബിയിൽ എഴുതിയതിന് സമാനമാണ് ചിഹ്നം. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ ഭരണകാലത്ത് ഹിജ്‌റ 1346ലാണ് സൗദി കറൻസി ആദ്യമായി പുറത്തിറക്കിയത്. റിയാലിന് ഒരു സവിശേഷ ചിഹ്നം സൃഷ്ടിക്കുന്നതിലൂടെ, സൗദി അറേബ്യ അതിന്റെ കറൻസി തിരിച്ചറിയുന്നത് എളുപ്പമാക്കുക മാത്രമല്ല, ആഗോള സാമ്പത്തിക രംഗത്ത് അതിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും ആഭ്യന്തരമായും വിദേശത്തും സൗദി റിയാലിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള ഒരു ആധുനിക ചുവടുവെപ്പാണ് പുതിയ ചിഹ്നം.
സാമ്പത്തിക രേഖകൾ, റിപ്പോർട്ടുകൾ എന്നിവ മുതൽ വ്യാപാര പ്ലാറ്റ്ഫോമുകൾ, ഇ – കൊമേഴ്സ് സൈറ്റുകൾ വരെയുള്ള വിവിധ പ്ലാറ്റ്ഫോമുകളിൽ ഈ ചിഹ്നം താമസിയാതെ വ്യാപിപ്പിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.