സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്


ജിദ്ദ: 2024 ല്‍ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടതായി റഷ്യ ടുഡേ ചാനല്‍ നെറ്റ്‌വര്‍ക്ക് അറിയിച്ചു. തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് സൗദി കിരീടാവകാശി ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. റഷ്യു ടുഡേ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരാണ് അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 23 മുതല്‍ ജനുവരി എട്ടു വരെ നീണ്ടുനിന്ന സര്‍വേയില്‍ 31,166 പേര്‍ പങ്കെടുത്തു. ഇക്കൂട്ടത്തില്‍ 16,998 പേര്‍ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയാണ് തെരഞ്ഞെടുത്തത്. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 54.54 ശതമാനം പേര്‍ സൗദി കിരീടാവകാശിക്ക് അനുകൂലമായി വോട്ടു ചെയ്തു.

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ ആണ്. ഇദ്ദേഹത്തിന് 3,416 വോട്ടുകള്‍ ലഭിച്ചു. 10.96 ശതമാനം വോട്ടുകളാണ് യഹ്‌യ അല്‍സിന്‍വാറിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൂന് 1,785 വോട്ടുകളാണ് ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 5.73 ശതമാനം പേര്‍ അല്‍ജീരിയന്‍ പ്രസിഡന്റിന് അനുകൂലമായി വോട്ടു ചെയ്തു.

തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മജീദ് തബൂന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ്, സുഡാന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ബുര്‍ഹാന്‍, സുഡാനിലെ വിമത നേതാവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് കമാണ്ടറുമായ മുഹമ്മദ് ഹംദാന്‍ ദഖ്‌ലു, മുന്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ്, പുതിയ സിറിയന്‍ ഭരണകൂട നേതാവ് അഹ്മദ് അല്‍ശറഅ്, ഇറാഖ് പ്രധാമന്ത്രി മുഹമ്മദ് അല്‍സൂദാനി, ഇറാഖിലെ ശിയാ നേതാവ് മുഖ്തദ അല്‍സ്വദ്ര്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ്, ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി, ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല, ലിബിയന്‍ ദേശീയ സേനാ കമാണ്ടര്‍ ഖലീഫ ഹഫ്തര്‍, ലിബിയന്‍ ദേശീയ ഐക്യ ഗവണ്‍മെന്റ് പ്രസിഡന്റ് അബ്ദുല്‍ഹമീദ് അല്‍ദബൈബ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി, മൊറോക്കൊന്‍ ഭരണാധികാരി മുഹമ്മദ് ആറാമന്‍ രാജാവ്, മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒല്‍ദ് അല്‍ശൈഖ് അല്‍ഗസ്‌വാനി, യെമന്‍ പ്രസിഡന്റ് റശാദ് അല്‍അലീമി, യെമനിലെ ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി എന്നീ നേതാക്കളാണ് അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവിനെ കണ്ടെത്താന്‍ റഷ്യ ടുഡേ ചാനല്‍ നെറ്റ്‌വര്‍ക്ക് നടത്തിയ അഭിപ്രായ സര്‍വേ പട്ടികയിലുണ്ടായിരുന്നത്.


Read Previous

വാട്ട്‌സ്‌ആപ്പിലെ ഈ ഫീച്ചർ അറിയാതെ പോകരുത്! സ്റ്റാറ്റസിൽ എങ്ങനെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം?

Read Next

സ്‌മാർട്ട് ഫിംഗർ പ്രിൻ്റ് സംവിധാനം: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ രണ്ടുതട്ടില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »