
റിയാദ്: സൗദിയിൽ ഇറക്കുമതി ചെയ്യുന്ന കൂടുതൽ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ സെന്റർ തീരുമാനിച്ചു. കരട് നിയമം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ചർച്ചകൾ സൗദിയിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇത് നടപ്പിലാക്കാനാണ് പദ്ധതി.
മാംസത്തിനും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കും മാത്രമാണ് നിലവിൽ സൗദി അറേബ്യ ഹലാൽ സർട്ടിഫിക്കറ്റ് വേണമെന്ന് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഇത് കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. പാൽ, ചീസ്, തൈര്, മോ തുടങ്ങിയ പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, പശുവിന്‍ നെയ്യ് തുടങ്ങിയ എണ്ണകൾ, ബിസ്‌ക്കറ്റ്, ചോക്കലേറ്റ്, കേക്ക്, കാൻഡി, ജെല്ലി തുടങ്ങിയ ബേക്കറി ഉൽപ്പന്നങ്ങൾ, പാസ്ത, പിസ്സ, നൂഡിൽസ് തുടങ്ങിയ ഫ്രോസൺ ഫുഡ് ഇനങ്ങൾ, എനർജി−സ്പോർട്സ് ഡ്രിങ്കുകൾ, ജൂസുകൾ, സോസുകൾ, ന്യൂട്രീഷൻ സപ്ലിമെന്റുകൾ, ബേബി ഫുഡുകൾ തുടങ്ങിയ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാവുന്ന ഭക്ഷണപാനീയങ്ങൾ തുടങ്ങിയ നൂറിലേറെ ഉൽപ്പന്നങ്ങൾക്കാണ് പുതുതായി ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.
നിയമം രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും
2021 ജൂലൈ മുതൽ നടപ്പിൽ വരുത്താൻ പാകത്തിൽ കഴിഞ്ഞ വർഷം കരട് നിയമം തയ്യാറാക്കി യിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. നിലവിൽ രണ്ട് ഘട്ടങ്ങളിലായി നിയമം നടപ്പി ലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2022 ജനുവരി മുതൽ ആദ്യഘട്ടവും 2022 ജൂലൈ ഒന്നു മുതൽ രണ്ടാം ഘട്ടവും ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പാൽ, ഭക്ഷ്യ എണ്ണ, ബൈക്കറി സാധനങ്ങൾ, ഫ്രോസൺ ഫുഡ് ഇനങ്ങളിലും രണ്ടാം ഘട്ടത്തിൽ എനർജി ഡ്രിങ്കുകൾ ഉൾപ്പെടെയുള്ളവയ്ക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ആലോചന.
സൗദിയിൽ ആളുകൾ നിത്യേന ഉപയോഗിക്കുന്ന നൂറിലേറെ സാധനങ്ങൾ പുതിയ ഹലാൽ സർട്ടിഫി ക്കേഷൻ വ്യവസ്ഥയുടെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പല ഇറക്കുമതി കന്പനികൾക്കും തിരിച്ചടിയാവും. കയറ്റുമതി രാജ്യങ്ങളിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറി റ്റിയുടെ അംഗീകാരമുള്ള ഹലാൽ സർട്ടിഫിക്കേഷൻ ഏജൻസികൾ ഇല്ലാത്ത ഇടങ്ങളിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുക പ്രയാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതത് രാജ്യങ്ങളിലെ സൗദി ഹലാൽ സെന്റർ അക്രഡിറ്റേഷനുള്ള ഹലാൽ സർട്ടിഫിക്കേഷൻ ഏജൻസികളുടെ സർട്ടിഫിക്കേഷനുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ഇറക്കുമതി ചെയ്യൂ എന്നതാണ് സൗദിയിലെ നിയമം. നിലവിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 69 ഹലാൽ സർട്ടിഫി ക്കേഷൻ ഏജൻസികൾക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുണ്ട്. സൗദി നിയമപ്രകാരമുള്ള നിശ്ചിത ഉൽപ്പാദന മാനദണ്ഡങ്ങൾ പാലിക്കുകയും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കേഷൻ ലഭിക്കുക.