![](https://malayalamithram.in/wp-content/uploads/2023/09/s-75.jpg)
ജിദ്ദ: ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലെ സുപ്രധാന കണ്ണിയായി ജി20 ആശ്രയിക്കുന്ന സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് ഈദ് അൽ ഹുസൈനി. ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ളത് ശക്തവും ആഴമേറിയതും വികസിതവും ചരിത്രപരവുമായ ബന്ധമാണ്. 2019 മുതൽ സൗദി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിച്ചതോടെ ഈ ബന്ധത്തിന്റെ നിലവാരം ഉയർന്നു. ജി20 ൽ പങ്കെടുക്കുന്ന പ്രധാന ആഗോള സമ്പദ് വ്യവസ്ഥകളിൽ സൗദിയും ഇന്ത്യയും ഉൾപ്പെടുന്നു.
മുൻനിര സാമ്പത്തിക പങ്ക് കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവരുടെ മേഖലകളിലും ലോകത്തും വലിയ പ്രാധാന്യം നേടും. രണ്ട് രാജ്യങ്ങളും പ്രധാന വികസന കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള പരസ്പര പൂരണത്തിന്റെ വശങ്ങൾ കാണാം.
ഇത് വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം എന്നിവക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു. ഊർജവും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിൽ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇരുരാജ്യങ്ങളുടെയും പങ്ക് വലുതാണ്. ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2021ൽ ഇരുരാജ്യങ്ങളുടെ വ്യാപാര വിനിമയനിരക്ക് 35 ശതകോടി ഡോളർ ആയിരുന്നു.
എന്നാൽ അടുത്തിടെ 50 ശതമാനം ഉയർന്ന് 53 ശതകോടി ഡോളറായി ഉയർന്നെന്നും അംബാസഡർ പറഞ്ഞു. പ്രധാന ആഗോള സമ്പദ്വ്യവസ്ഥകൾക്കിടയിലെ തരംതിരിക്കലും ജി20 ലെ അംഗത്വവും കൊണ്ട് സൗദി അറേബ്യയുടെ പങ്ക് പ്രാദേശിക പരിധിക്കപ്പുറം ആഗോള മണ്ഡലത്തിലേക്ക് ഉയർന്നിരിക്കുന്നു. ഇത് സൗദി നയങ്ങളുടെ സുദൃഢതയുടെയും ലോകത്തിന്റെ ആത്മവിശ്വാസത്തിന്റെയും ഫലമാണ്.
ആഗോളതലത്തിൽ ഇത് രാജ്യത്തിന്റെ വിശ്വസനീയമായ നയരേഖയെ പ്രതിഫലിപ്പിക്കുന്നു. മറുവശത്ത് ആഗോളവേദിയിൽ വളർച്ചയുടെയും വികസനത്തിന്റെയും കുതിപ്പിന്റെ വലിയ റോളിനായി കാത്തിരിക്കുന്നു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനും വൈവിധ്യവത്കരിക്കാനും അതിന്റെ പൗരന്മാരുടെ ക്ഷേമം കൈവരിക്കാനുമാണ് ‘വിഷൻ 2030’ ലക്ഷ്യമിടുന്നത്. അതോടൊപ്പം സൗദിയുടെ സമ്പദ്വ്യവസ്ഥയെ പ്രാദേശികമായും ആഗോളമായും സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന സംരംഭങ്ങളും വിഷനിലുണ്ടെന്നും സൗദി അംബാസഡർ പറഞ്ഞു.