സഊദി കെഎംസിസി അനുശോചിച്ചു
ദുരവസ്ഥയറിഞ്ഞിട്ടും മൗനം പാലിച്ചത് ഗുരുതരം


റിയാദ് : കണ്ണീർപുഴയൊഴുകിയ താനൂരിന്റെ തീരങ്ങളിൽ പൊലിഞ്ഞുപോയ 22 പേരുടെ അപ്രതീക്ഷിത വിയോഗത്തിൽ കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി.വിടപറഞ്ഞവർക്ക് പ്രാർത്ഥനയും കണ്ണീർ പൂക്കളും മാത്രം. ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാത്ത മനുഷ്യ മനസാക്ഷി മരവിച്ചു പോയ ദുരന്തത്തിൽ അകപെട്ടുപായവരുടെ കുടുംബങ്ങൾക്ക് മുമ്പിൽ ഉടമയും അധികാരികളും ഉൾപ്പടെ സമൂഹം മുഴുവനും കുറ്റവാളികളായിരിക്കുന്നുവെന്ന് കെഎംസിസി ഭാരവാഹികൾ വാർത്താകുറിപ്പിൽ പറഞ്ഞു. നേരത്തെ തന്നെ ഈ ബോട്ടിന്റെ ദുരവസ്ഥ അറിഞ്ഞിട്ടും മൗനം പാലിച്ചവർ ദുരന്തം ക്ഷണിച്ചു വരുത്തുകയായിരുന്നു.

22 പേരും വിശിഷ്യാ ഒരു കുടുംബത്തിലെ പതിനൊന്ന് പേരും ഒരു രാത്രികൊണ്ട് വിട പറഞ്ഞു പോയതിന്റെ ഉത്തരവാദിത്വം ഉടമക്കും ജീവനക്കാർക്കും തന്നെയാണ്. പിന്നെ ബന്ധപ്പെട്ട അധികാരികൾക്കും . സ്വന്തം നാട്ടിലെ ഇത്തരം സുരക്ഷിതമില്ലാത്ത ഉല്ലാസ യാത്രകൾ തടയാൻ നാട്ടുകാരും ജാഗ്രത കാട്ടേണ്ടിയിരുന്നു. ദുരന്തമുഖത്ത് ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരും മത്സ്യത്തൊ ഴിലാളികളും ഉൾപ്പടെയുള്ളവർ ആഴകെട്ടുകളിലേക്ക് എടുത്തു ചാടിയില്ലായിരുന്നു വെങ്കിൽ അനധികൃതമായി കയറ്റി കൊണ്ടുപോയവരെല്ലാം ദുരന്തത്തിൽ അകപെടു മായിരുന്നു. കുറച്ചു പേരെയെങ്കിലും രക്ഷപെടുത്താൻ സാധിച്ചത് ദൈവാനുഗ്ര ഹത്തോടൊപ്പം നന്മ നിറഞ്ഞ ഈ പോരാളികളുടെ കഠിനയത്നത്തിന്റെ ഫലം കൂടിയാണ് .

ജുഡീഷ്യൽ അന്വേഷണം നടക്കട്ടെ. അതോടൊപ്പം സംഭവത്തിൽ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുകയും പൊതുജനപങ്കാളിത്തതയോടെ സംസ്ഥാനത്ത് ഇനിയൊരു ദുരന്തം ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു .

സംസ്ഥാനത്ത് ഹൗസ്‌ബോട്ട് ടൂറിസം നാഥനില്ലാ കളരിയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തോന്നിയ പോലെ ബോട്ട് സർവീസ് നടത്താൻ അനുമതി കൊടുക്കുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം സടകുടഞ്ഞെഴു ന്നേൽക്കുന്ന ഭരണകൂടം ക്രിയാത്മക നടപടികൾക്കൊന്നും മുതിരാതെ താൽകാലിക മരുന്ന് പുരട്ടി തടി രക്ഷപ്പെടുത്തുന്നു. ഭരണ തലത്തിൽ ഇതൊക്കെ നോക്കാൻ എത്ര വിഭാഗങ്ങളാണ് നമുക്കുള്ളത്. ദുരന്തമുണ്ടായാൽ ഏത് പാതിരാത്രിയിലും ഓടിയെ ത്തുന്നവർക്ക് മുമ്പിൽ അപകടത്തിന്റെ അലയൊലികൾ അടങ്ങുന്നത് വരെയാണ് ആ ജാഗ്രതയുടെ ആയുസ്സ്. വാർത്ത മാധ്യമങ്ങളുടെയും സ്ഥിതി ഭിന്നമല്ല. മറ്റൊരു എക്സ് ക്ലുസിവ് ഉണ്ടാകുമ്പോൾ ഇന്നലെ കഴിഞ്ഞ സെൻസേഷണൽ ഐറ്റം അവരും പാടെ മറക്കുന്നു.

കേരളത്തിന്റെ തീരങ്ങളിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്ന് പറയാൻ പോലും ബന്ധപ്പെട്ട വകുപ്പിനോ ഭരണാധികാരികൾക്കോ സാധിക്കില്ല. എണ്ണത്തിന് കണക്കി ല്ലാത്തത് പോലെ തന്നെ ഇവയുടെ സുരക്ഷയുടെ കാര്യത്തിലും അധികൃതർ അജ്ഞരാണ്. തീരദേശ മേഖലയിൽ ബാഹ്യ മോടിയിൽ അണിഞ്ഞൊരുങ്ങി ഉല്ലാസ പ്രിയരെ കാത്തുകിടക്കുന്ന ഹൗസ് ബോട്ടുകളുടെ സുരക്ഷിതത്വം അതിലെ ജീവനക്കാർക്ക് പോലും തിട്ടമില്ലാത്ത സാഹചര്യമാണുള്ളത്.

തീരങ്ങളിൽ ഇനിയും താനൂരുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഇനിയുമൊരു ദുരന്തം സംഭവിക്കുന്നത് വരെ കാത്തുനിൽക്കരുത്. കേരളത്തിലെ എല്ലാ ബോട്ടുകൾക്കും ശക്തമായ നിയമാവലികൾ കൊണ്ടുവരണം. ബോട്ടുകളുടെ ശേഷിയെയും കാല പഴക്കത്തെയും കുറിച്ച് വകുപ്പിന്റെ തലപ്പത്തുളളവർക്കും പിടിവേണം. കൃത്യമായ പഠനം വേണം. ഉല്ലാസ കേന്ദ്രങ്ങളിൽ ബോട്ടുകളുടെ കപ്പാസിറ്റിയനുസരിച്ച് സീറ്റുകൾ നിജപ്പെടുത്തണം.

സമയക്രമവും റിപ്പോർട്ടിങ്ങും ശക്തമാക്കണം. നിരീക്ഷണ കാമറകളും പോലീസ് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ച് കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ പി ഇബ്രാഹിം മുഹമ്മദ്, അഷ്‌റഫ് വേങ്ങാട്ട്, അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ ആവശ്യപ്പെട്ടു . ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി മയ്യത്ത് നിസ്‌കരിക്കാൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് നാഷണൽ കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.


Read Previous

നാടൻപാട്ട് വീഡിയോ ആൽബം ‘മലർ’ റിയാദിൽ പ്രകാശനം ചെയ്തു

Read Next

കേളിയുടെ ‘വസന്തം 2023’ ഒന്നാം ഘട്ടം അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »