സൗദി കെ.എം.സി.സി ദേശീയ ഫുട്ബോൾ ദമാം ബദർ എഫ് സിക്ക് കിരീടം


റിയാദ്: പ്രഥമ സഊദി കെഎംസിസി ഫുട്ബാൾ ടൂർണമെന്റിൽ ദമാം ബദർ എഫ് സിക്ക് കിരീടം. മൂന്ന് മാസക്കാലമായി സൗദിയുടെ വിവിധ പ്രവിശ്യകളിലായി സംഘടി പ്പിച്ച കെഎംസിസി സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള ടൂർണ്ണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ജിദ്ദയിലെ സബീൻ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദർ എഫ് സി സൗദിയിലെ മികച്ച പ്രവാസി ക്ലബ് പട്ടികയിൽ ഇടം നേടിയത്.

റിയാദിലെ മലസിൽ റയൽ മാഡ്രിഡ് സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫുട്ബാൾ പ്രേമികൾ ഒഴുകിയെത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ , അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ പി മുഹമ്മദ്‌കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു .

ഒന്നാം പകുതിയുടെ 29 ആം മിനുട്ടിൽ മുഹമ്മദ് അജ്‌സൽ നേടിയ മനോഹരമായ ഗോളിലൂടെ ബദർ എഫ് സിയാണ് അക്കൗണ്ട് തുറന്നത്.ഇരു പകുതികളിലുമായി ഗോൾ മടക്കാൻ പോരാടിയ സബീൻ എഫ് സിക്ക് മുമ്പിൽ ഗോൾ മാത്രം പിറന്നില്ല. രണ്ടാം പകുതിയുടെ പതിനാലാം മിനുട്ടിൽ അജ്‌സൽ നൽകിയ മനോഹരമായ പാസ് ഹാദി യുടെ ബൂട്ടിലൂടെ ജിദ്ദയുടെ ഗോളിയെയും മറികടന്ന് വലകുലുക്കിയപ്പോൾ ബദർ എഫ് സി വിജയം ഉറപ്പാക്കി.

കളിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ ബദർ എഫ് സിയുടെ മുഹമ്മദ് അജ്‌സലിനെ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിനു തിരഞ്ഞെടുത്തു. ടൂർണ മെന്റിലെ ടോപ് സ്കോറർ ആയി സബീൻ എഫ് സിയുടെ ഫസലുറഹ്മാനെയും ബെസ്റ്റ് ഗോൾ കീപ്പറായി ബദർ എഫ് സിയുടെ മുഹമ്മദ് സാദിഖിനെയും മികച്ച ഡിഫെൻഡ റായി സബീൻ എഫ് സിയുടെ അൻസിൽ റഹ്മാനെയും മികച്ച പ്ലയറായി ബദ്‌ർ എഫ് സിയുടെ ഹസ്സനെയും തിരഞ്ഞെടുത്തു.

റയൽ മാഡ്രിഡ് അക്കാദമി മൈതാനിയെ പുളകം കൊള്ളിച്ച് വൈകീട്ട് അഞ്ചരക്ക് ആരംഭിച്ച വർണ്ണ ശബളമായ ഘോഷയാത്ര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾക്ക് അവിസ്‌മരണീയമായ കാഴ്ച്ചകളാണ് സമ്മാനിച്ചത്. നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള നാൽപതോളം സെൻട്രൽ കമ്മിറ്റികളുടെ വിവിധ കലാപരിപാടികൾ അടങ്ങിയ ഇനങ്ങൾ കാണികൾക്ക് ഇമ്പമേകി. നേരത്തെ റിയാദ് , ജിദ്ദ , യാമ്പു , ദമാം തുടങ്ങിയ നഗരങ്ങളിലാണ് നാഷണൽ സോക്കർ മൽസരങ്ങൾ അരങ്ങേറിയത്.

സോക്കറിനോടനുബന്ധിച്ച് മികച്ച ഫുട്ബോൾ സംഘാടകനുള്ള മർഹും എഞ്ചിനിയർ സി.ഹാഷിം മെമ്മോറിയൽ അവാർഡിന് ദമാം ഇന്ത്യൻ ഫുട്ബോൾ പ്രസിഡൻ്റ് സമീർ കൊടിയത്തൂരിനും 2024 ലെ ശിഹാബ് തങ്ങൾ ബിസിനസ് എ ക്സലൻസി അവാർഡിന് വിജയ് വർഗ്ഗീസ് മൂലനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പുരസ്കാരങ്ങൾ കൈമാറി. പ്രഥമ കെഎംസിസി ദേശീയ ഫുട്ബാൾ ടൂർണമെന്റിന്റെ അണിയറ ശില്പികളായ മുജീബ് ഉപ്പട, ഉസ്മാനലി പാലത്തിങ്ങൽ എന്നിവർക്കുള്ള ഉപഹാരവും തങ്ങൾ കൈമാറി. അലി ഖഹ്താനിയുടെ നേതൃത്വത്തിലുള്ള അമ്പയർ പാനൽ മൽസരത്തിന് നേതൃത്വം നൽകി .

നാഷണൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷതയിൽ ചടങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്‌തഫ ആമുഖഭാഷണം നടത്തി. ടൂർണ്ണമെൻറുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള ഉപഹാരങ്ങൾ അഡ്വ. ഹാരിസ് ബീരാൻ എം.പി കൈമാറി. ചടങ്ങിൽ കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, അഹമ്മദ് പാളയാട്ട്, ബഷീർ മൂന്നിയൂർ, വി കെ മുഹമ്മദ്, കരീം താമരശ്ശേരി, സുലൈമാൻ മാളിയേക്കൽ, മുഹമ്മദ് സാലി നാലകത്ത്, ഉസ്മാനലി പാലത്തിങ്ങൽ, ആലിക്കുട്ടി ഒളവട്ടൂർ, ഹാരിസ് കല്ലായി, ഫൈസൽ ബാബു, നാസർ എടവനക്കാട്, അബൂബക്കർ അരിമ്പ്ര , മുഹമ്മദ് കുട്ടി കോഡൂർ, ബഷീർ ചേലേമ്പ്ര, സമീർ കൊടിയത്തൂർ, ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി ഹലിം എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സ്പോർട്സ് സമിതി കൺവീനർ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ചടങ്ങിന് വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ , ജില്ലാ , മണ്ഡലം ,ഏരിയ നേതാക്കൾ എന്നിവർ പങ്കെടുത്ത കലാശ പോരാട്ടത്തിന് മുജീബ് ഉപ്പടയുടെയും ഉസ്മാനലി പാലത്തിങ്ങലിന്റെയും റിയാദ് സെൻട്രൽ കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തിൽ മികച്ച ഒരുക്കങ്ങളാണ് നടത്തിയത്.


Read Previous

അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നാല് ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ദാരുണാന്ത്യം

Read Next

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »