പത്താമത്തെ രാജ്യമായി സൗദി കൂടി എത്തിയാല്‍ കളിമാറും. സൗദിയുടെ ഉഗ്രന്‍ നീക്കം; ഇന്ത്യ തടസം പറയില്ല, ചൈനയ്ക്കും സന്തോഷം, ബ്രിക്‌സ് ബാങ്കില്‍ ചേര്‍ന്നേക്കും


റിയാദ്: സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രധാന ശക്തികളിലൊന്നാണ് സൗദി അറേബ്യ. വന്‍ ശക്തികളായ വികസ്വര രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ബ്രിക്‌സ് ബാങ്കില്‍ സൗദി അറേബ്യയും ചേരുമെന്നാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സൗദി കൂടി ചേരുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിക്‌സ് രാജ്യങ്ങള്‍ അഞ്ചെണ്ണമാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക. ഈ രാജ്യങ്ങളാണ് ബ്രിക്‌സ് ബാങ്ക് രൂപീകരിച്ചത്. അംഗ രാജ്യങ്ങളുടെ ക്ഷേമവും അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യം. മറ്റു നാല് രാജ്യങ്ങള്‍ കൂടി ബ്രിക്‌സ് ബാങ്കില്‍ അംഗങ്ങളാണ്. യുഎഇ, ഉറുഗ്വേ, ബംഗ്ലാദേശ്, ഈജിപ്ത് എന്നിവയാണവ. പത്താമത്തെ രാജ്യമായി സൗദി കൂടി എത്തിയാല്‍ കളിമാറും.

ന്യു ഡെവലപ്‌മെന്റ് ബാങ്ക് (എന്‍ഡിപി) എന്നും ബ്രിക്‌സ് ബാങ്കിന് പേരുണ്ട്. അമേരി ക്കയെയും യൂറോപ്പിനെയും ശത്രു പക്ഷത്ത് നിര്‍ത്തിയ രാജ്യങ്ങളാണ് ചൈനയും റഷ്യയും. ഇവര്‍ക്ക് തന്നെയാണ് ബ്രിക്‌സില്‍ മേല്‍ക്കൈ. ഒരു രാജ്യത്തോടും പ്രത്യേക മമത സൂക്ഷിക്കാത്ത നിലപാടാണ് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രക്കയും സ്വീകരി ക്കാറ്. സമീപകാലത്ത് ചൈനയുമായി കൂടുതല്‍ അടുക്കുന്ന സൗദി ബ്രിക്‌സ് ബാങ്കില്‍ ചേരാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രെ.

2015ലാണ് ബ്രിക്‌സ് ബാങ്ക് രൂപീകരിച്ചത്. ലോകത്തെ മൊത്തം ജിഡിപിയുടെ 25 ശതമാനം ബ്രിക്‌സിലെ അഞ്ച് രാജ്യങ്ങളിലാണ്. അംഗരാജ്യങ്ങളിലെ 90 പദ്ധതികള്‍ ക്കായി ഇതുവരെ 3200 കോടി ഡോളര്‍ ആണ് ബാങ്ക് ചെലവിട്ടത്. സൗദി ഈ ബാങ്കില്‍ ചേരുമ്പോള്‍ ബാങ്കിന്റെ സാമ്പത്തിക ഭദ്രത കൂടുതല്‍ ശക്തമാകും. ഇതോടെ ഡോളര്‍ അകറ്റി നിര്‍ത്തപ്പെടുമോ എന്ന ആശങ്ക അമേരിക്കക്കുണ്ട്.

ഇന്ത്യയും യുഎഇയും റഷ്യയും ചൈനയുമെല്ലാം പ്രാദേശിക കറന്‍സികളില്‍ വ്യാപാര ഇടപാട് നടത്താന്‍ സന്നദ്ധരായവരാണ്. അമേരിക്കന്‍ ഡോളര്‍ ഒഴിവാക്കിയുള്ള ഇടപാടാണ് ഇവര്‍ ചര്‍ച്ച ചെയ്യുന്നത്. ലോകത്തെ പ്രധാന ശക്തികള്‍ ഡോളര്‍ വിട്ട് ഇടപാടുകള്‍ നടത്തുന്നത് അമേരിക്കക്ക് കനത്ത തിരിച്ചടിയാകും. മറ്റു കറന്‍സികളുടെ ആവശ്യകത വര്‍ധിച്ചുവരികയും ചെയ്യും.

മിക്ക രാജ്യങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ ആശ്രയിക്കുന്നത് ലോക ബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യെയുമാണ്. എന്നാല്‍ സൗദി അറേബ്യ കൂടി എത്തുന്നതോടെ കൂടുതല്‍ ശക്തമാകുന്ന ബ്രിക്‌സ് ബാങ്ക് ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന കേന്ദ്രമായി മാറുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇത് അമേരിക്കക്കും യൂറോപ്പിനും തിരിച്ചടിയാണ്.

സൗദി അറേബ്യയെ ബ്രിക്‌സില്‍ എടുക്കണമോ എന്ന കാര്യത്തില്‍ ആഗസ്റ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബ്രിക്‌സില്‍ അംഗങ്ങള ല്ലാത്ത രാജ്യങ്ങള്‍ക്കും ബ്രിക്‌സ് ബാങ്കില്‍ ചേരാവുന്നതാണ്. മാത്രമല്ല, ബ്രിക്‌സിലേക്ക് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയും ചൈനയും സൗദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തിനാല്‍ സൗദിയുടെ വരവിന് തടസമുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.


Read Previous

ഇത് പഴയ സൊമാലിയന്‍ പാര്‍ലമെന്റിന്റെ കോപ്പി’; മോദിയുടെ ‘പെറ്റ്’ ആര്‍ക്കിടെക്റ്റ് മത്സര ബിഡ്ഡിംഗിലൂടെ’ സൊമാലിയയുടെ ഡിസൈന്‍ പകര്‍ത്തിയതിന് 230 കോടി ഈടാക്കി; പാര്‍ലമെന്റ് മന്ദിരത്തെ ചൊല്ലി പുതിയ വിവാദം

Read Next

യുവ പ്രവാസി വ്യവസായി സൗദി അറേബ്യയില്‍ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »