‘അടല്‍ സേതു’നിർമാണത്തിൽ ​ഗുരുതര അഴിമതി; കോൺ​ഗ്രസ് ആരോപണം


മുംബൈ: രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’വിന്റെ നിർമാണത്തിൽ ​ഗുരുതര അഴിമതി ആരോപിച്ച് കോൺ​ഗ്രസ്. മാസങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിലെ വിള്ളൽ ചൂണ്ടികാട്ടി മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ നാന പട്ടോലെയാണ് രം​ഗത്തെത്തിയത്. പാലത്തിൽ പരിശോധന നടത്തിയശേഷമായിരുന്നു നിർമാണത്തിൽ ​ഗുണനിലവാരമില്ലെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ പാലത്തിൽ വിള്ളലുകൽ ഉണ്ടായെന്നും നവി മുംബൈക്ക് സമീപം റോഡിന്റെ അര കിലോമീറ്റർ ദൂരം ഒരടിയോളം താഴ്ന്നെന്നും പട്ടോലെ ആരോപിച്ചു. അദ്ദേഹം പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളടക്കം പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ റോഡിലെ വിള്ളൽ വ്യക്തമായി കാണാം. പട്ടോലയുടെ ആരോപണത്തിന് പിന്നാലെ, വിള്ളൽ ഉണ്ടായ ഭാ​ഗങ്ങളിൽ അധികൃതർ അറ്റകുറ്റ പണികൾ നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

അതേസമയം, വിള്ളൽ പാലത്തിലല്ല അപ്രോച്ച് റോഡിലാണെന്ന വാദമാണ് ബിജെപിയും പാലത്തിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്ന മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയും ഉന്നയിക്കുന്നത്. അടല്‍ സേതുവിനെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂവെന്ന് ബിജെപി എക്സിൽ കുറിച്ചു.

ഏതാണ്ട് 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച അടല്‍ സേതു പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. മധ്യ മുംബൈയിലെ സെവ്രിയില്‍നിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിര്‍ലെയിലാണ് അവസാനിക്കുന്നത്. നവി മുംബൈയില്‍നിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും.

ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി. 177903 മെട്രിക് ടണ്‍ സ്റ്റീലും 504253 മെട്രിക് ടണ്‍ സിമന്റും പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്. ആകെ 70 ഓര്‍ത്തോട്രോഫിക് സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലവും ഇതാണ്.


Read Previous

സൈന്യത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞുപറ്റിച്ചു; ഒരാള്‍ അറസ്റ്റില്‍

Read Next

ഖത്തറിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »