
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതു തന്നെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പി ആര്‍ ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.