തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി. ബെയ്‌ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു. ഇന്നലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ, തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ പോയ ബെയ്‌ലിനായുളള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.
അതേസമയം, മർദ്ദനമേറ്റ ശ്യാമിലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമാണ് ബെയ്ലിൻ,ശ്യാമിലിയെ മർദ്ദിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. സഹപ്രവർത്തകർ നോക്കിനിൽക്കെയാണ് ബെയ്ലിൻ യുവതിയെ മർദ്ദിച്ചത്.
ശ്യാമിലി പ്രസവം കഴിഞ്ഞ് മൂന്നുമാസം മുൻപാണ് തിരികെ ജോലിക്കെത്തിയത്. മൂന്നര വർഷമായി ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്ലിൻ അറിയിച്ചു. എന്നാൽ, ശനിയാഴ്ച വിളിച്ച് ക്ഷമ ചോദിച്ചു. തിരികെ വരാൻ നിർബന്ധിച്ചു. തിങ്കളാഴ്ച ഓഫീസിൽ എത്തിയെങ്കിലും ഇയാളോട് സംസാരിക്കാനായില്ല. ഇന്നലെ, തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതോടെ മുഖത്ത് തുരുതുരാ മർദ്ദിക്കുകയായിരുന്നു.