ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മുംബൈ: കൊല്ലപ്പെട്ടെന്നു കരുതുന്ന ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടതായി സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. ഷീനയുടേതെന്നു കരുതുന്ന എല്ലുകളും മറ്റു ശരീരാവശിഷ്ടങ്ങളും രാസപരിശോധനനടത്തിയ ജെ.ജെ. ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധയായ ഡോ. സെബാ ഖാന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ജെ. നന്ദോഡെ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ കേസില്‍ ഏറ്റവും പ്രധാന തെളിവാകേണ്ട വസ്തുക്കളാണ് കാണാതായിരിക്കുന്നത്. 2012-ല്‍ പെന്‍ പോലീസാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജെ.ജെ. ആശുപത്രിയിലെ പരിശോധനയില്‍ ഇത് മനുഷ്യന്റെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞിരുന്നു.
കാണാതായ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സമയം തരണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം നേരത്തേ കോടതി അംഗീകരിച്ചിരുന്നു. പ്രതിഭാഗം ഇതിനെ എതിര്‍ത്തുമില്ല. എന്നാല്‍, അവ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതില്ലാതെതന്നെ ഡോ. സെബാ ഖാന്റെ മൊഴിയെടുക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മുംബൈ മെട്രോയില്‍ ജോലിചെയ്തിരുന്ന ഷീനാ ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സി.ബി.ഐ. കേസ്. പിന്നീട് പെന്‍ എന്ന പ്രദേശത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കത്തിക്കുകയായിരുന്നെന്നും പറയുന്നു. ശ്യാംവര്‍ റായിയുടെ വെളിപ്പെടുത്തലോടെയാണ് ഷീനാ ബോറ കൊല്ലപ്പെട്ടതാണെന്ന് പോലീസ് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലാകുന്നത്.
2015-ല്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഈ പ്രദേശത്തുനിന്ന് വീണ്ടും ചില മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവ ഡല്‍ഹിയിലെ എയിംസിലാണ് പരിശോധിച്ചത്. ഈ രണ്ടു മൃതദേഹാവശിഷ്ടങ്ങളും ഒരാളുടേതാണെന്നാണ് സി.ബി.ഐ. പറയുന്നത്. എന്നാല്‍, രണ്ടും ഒരാളുടേതല്ലെന്ന വാദമാണ് ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷകന്‍ രഞ്ജിത് സാംഗ്ലെ ഉന്നയിച്ചത്. കേസിന്റെ അടുത്തവാദം ജൂണ്‍ 27-ന് നടക്കും.