തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്‌നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. ശ്രവണ വൈകല്യം നേരിടുന്ന അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം.

ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന നടപടികള്‍ സ്വീകരിച്ചു വരുന്നു. രണ്ടാം ഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ 14 എണ്ണത്തിന് കൂടി അംഗീകാരം നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവ ര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.
ശ്രുതിതരംഗം പദ്ധതി വഴി നിലവില്‍ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റന ന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. മുന്‍പ് സാമൂഹ്യ നീതി വകുപ്പ് തുടര്‍ന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എല്‍ മുഖേനയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് എംപാനല്‍ ചെയ്ത ആശുപത്രികള്‍ മുഖേന സേവനം സമയബന്ധിതമായി ലഭ്യമാകും.
കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം പഞ്ചായത്തുകള്‍ വകയിരുത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇതിനായി തുക ലഭ്യമാക്കുക. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡി ക്കല്‍ കോളജുകള്‍ വഴിയും എംപാനല്‍ ചെയ്ത ആറ് ആശുപത്രികളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056, 104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.