ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, അക്കാര്യം പരാമർശിക്കാതെയാണ് ദുബൈയിൽ നടന്ന കേരളോത്സവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന 96,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

നാടിൻ്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപവത്കരിച്ചത്. ദേശീയപാത വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഇതൊന്നും പരാമർശിക്കാതെയാണ് കിഫ്ബി വഴിയുള്ള നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞത്.
വികസന പദ്ധതികൾ പുരോഗമിക്കുന്നു
സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. വയനാട് തുരങ്കപാത, കെഫോൺ, കൊച്ചി വാട്ടർ മെട്രോ, വിഴിഞ്ഞം പദ്ധതി, കോവളം മുതൽ കാസർകോട് വരെയുള്ള ജലപാത എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വയനാട് തുരങ്കപാത സാധ്യമാകുമോ എന്ന് സംശയം പ്രകടിപ്പിച്ചവർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ അനുമതികളുമായി ടെൻഡറിങ് പൂർത്തിയാക്കി നിർമാണം ആരംഭിച്ചു. ഒരു മഴ പെയ്താൽ പോലും ദിവസങ്ങളോളം യാത്ര തടസ്സപ്പെടുന്ന വയനാട്ടിലേക്കുള്ള യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. നിശ്ചിത സമയത്തിനുള്ളിൽ പാത പൂർത്തിയാക്കാൻ കഴിയുമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി കെഫോൺ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ രംഗത്ത് വലിയ വികസനം ഉറപ്പുവരുത്താൻ സാധിച്ചു. കേരളത്തിൻ്റെ സ്വന്തം പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയെ രാജ്യം മാതൃകയാക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ ഇതിനെക്കുറിച്ച് പഠിക്കാനും അവിടെ നടപ്പിലാക്കാനും ശ്രമിക്കുന്നു. ലോകത്തിലെ പല രാഷ്ട്രങ്ങളും വാട്ടർ മെട്രോ അധികൃതരോട് സഹായം തേടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ്
കേരളത്തെ ആകർഷകമായ ടൂറിസം കേന്ദ്രമാക്കി നിലനിർത്തുന്നതിൻ്റെ ഭാഗമായി കോവളം മുതൽ കാസർകോട് ബേക്കൽ വരെ 600 കിലോമീറ്ററിലധികം വരുന്ന ജലപാത നിർമിക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പുതിയ സ്ഥലം എടുത്ത് കനാൽ നിർമിക്കേണ്ടതിനാൽ കുറച്ച് സമയം കൂടി എടുത്തേക്കാം. എന്നാൽ കോവളം മുതൽ ചേറ്റുവ വരെ ജലപാത അടുത്ത മാസം പൂർത്തിയാകും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വലിയ മാറ്റമായിരിക്കും ഇത് സൃഷ്ടിക്കുക. ബോട്ടിൽ യാത്ര ചെയ്യുമ്പോൾ 25 മുതൽ 30 കിലോമീറ്റർ എത്തുമ്പോൾ സ്റ്റോപ്പുകൾ ഉണ്ടാകും. അവിടെ കാഴ്ചകൾ കാണാനും ഭക്ഷണം കഴിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും അവസരമുണ്ടാകും.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഔട്ടർ റിങ് റോഡ് നിർമാണം നടക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാഗമായി ഒരു തുറമുഖ നഗരം തന്നെ വികസിച്ചു വരും. ഇതിൻ്റെ ഭാഗമായി ഒട്ടേറെ പദ്ധതികളാണ് ഉണ്ടാകാൻ പോകുന്നത്. സ്റ്റാർട്ടപ്പ് പറുദീസയായി കേരളം മാറിയെന്നും തുടർഭ രണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ പുകഴ്ത്തി യൂസഫലി
പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്ന് ചടങ്ങിൽ സംസാരിച്ച എം എ യൂസഫലി പറഞ്ഞു. തനിക്ക് രാഷ്ട്രീയമില്ലെന്നും കച്ചവടക്കാരൻ മാത്രമാണെന്നും അദ്ദേഹം വ്യക്ത മാക്കി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോ ഷത്തോടെ മതസൗഹാർദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന രാജ്യമാണിതെന്നും യൂസഫലി പറഞ്ഞു.
52 വർഷം മുൻപാണ് താൻ ഇവിടെ എത്തിയത്. ഈ രാജ്യം എല്ലാം തന്നു. കേരള ജനത യുഎഇയുടെ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും കേരളവും ജനങ്ങളും ഹൃദയത്തിലാണെന്ന് ഭരണാധി കാരികൾ പറയാറുണ്ടെന്നും യൂസഫലി പറഞ്ഞു. സ്നേഹവും സാഹോദര്യവുമാണ് ഇവിടുത്തെ ഭരണാധികാരികൾ നൽകുന്നത്. ജീവിത പ്രശ്നങ്ങൾ മാത്രമാണ് ഇവിടെത്തെ രാഷ്ട്രീയമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
