അഫ്‌ഗാൻ സ്വപ്‌നങ്ങൾക്ക് ഫുൾസ്‌റ്റോപ്പ്‌; ചരിത്രത്തിലെ ആദ്യ ഫൈനലിന് ദക്ഷിണാഫ്രിക്ക, ഇന്ത്യ -ഇംഗ്ലണ്ട് മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിന്, ഫൈനല്‍ ലാപ്പിലേക്ക്


ട്രിനിഡാഡ്: അഫ്‌ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ടിന്‍റി 20 ലോകകപ്പ് ഫൈന ലിലെത്തി ദക്ഷിണാഫ്രിക്ക. ട്രിനിഡാഡിലെ ബ്രയൻ ലാറ ക്രിക്കറ്റ്‌ അക്കാദമി സ്‌റ്റേഡിയത്തിൽ നടന്ന ഒന്നാം സെമി ഫൈനലിൽ അഫ്‌ഗാനിസ്ഥാനെ തകർത്താണ് പ്രോടീസിന്‍റെ ഫൈനൽ പ്രവേശം. ഒൻപത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക അഫ്‌ഗാനെ വീഴ്ത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 56 റൺസിൽ പുറത്തായി. മറുപടി ബാറ്റിംഗിൽ 8.5 ഓവറിൽ ദക്ഷിണാഫ്രിക്ക ജയം കണ്ടു. ടി20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനൽ പ്രവേശനമാണിത്. കലാശപോരിന് യോഗ്യത നേടാനായില്ലെങ്കിലും ആരാധകരുടെ കയ്യടികൾ വാങ്ങിയാണ് അഫ്‌ഗാന്‍റെ മടക്കം.

ഒരു ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് അഫ്‌ഗാനിസ്ഥാൻ നേടിയത്. കുഞ്ഞൻ വിജയലക്ഷ്യമായിരുന്നുവെങ്കിൽ പോലും പൊരുതാൻ ഉറച്ചായിരുന്നു അഫ്‌ഗാൻ പന്തെറിയാന്‍ ഇറങ്ങിയത്. ആദ്യ ഓവർ ബോൾ ചെയ്‌ത നവീൻ ഉൾ ഹഖ് വിട്ടുകൊടുത്തത് 1 റൺ. സ്‌കോർ അഞ്ചിൽ നിൽക്കെ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്‍റൺ ഡി കോക്കിനെ വീഴ്ത്താൻ അഫ്‌ഗാനായി.

എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്‍റൻ ഡികോക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്. ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾ‍‍ഡാകുകയായിരുന്നു. മൂന്നാം നമ്പറിൽ എത്തിയ എയ്‌ഡൻ മാർക്രം റീസ ഹെൻഡ്രിക്‌സിനൊപ്പം ക്രീസിൽ നിലയുറപ്പിച്ചു. ഇതോടെ അഫ്‌ഗാൻ പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഹെൻഡ്രിക്‌സ് 29 ഉം മാർക്രം 23 ഉം റൺസ് നേടി പുറത്താകാതെ നിന്നു. 67 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടാകുക യായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്‌കോ റാണ് ഇത്. കഴിഞ്ഞ വർഷം നടന്ന എസിഎ കപ്പ് സെമി ഫൈനലിൽ യുഗാണ്ടയ്‌ ക്കെതിരെ ബോട്‍സ്വാന 62 റൺസിന് ഓൾഔട്ടായതായിരുന്നു ഇതുവരെയുള്ള ചെറിയ സ്‌കോർ.

ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ അഫ്‌ഗാൻ തകർന്നടിയുകയായിരുന്നു. പവർപ്ലേ അവസാനിക്കും മുൻപേ അഞ്ച് വിക്കറ്റുകൾ നഷ്‌ടമായ അഫ്‌ഗാൻ, 11.5 ഓവറുകളാണ് ആകെ ബാറ്റ് ചെയ്‌തത്. ആദ്യ ഓവറിലെ അവസാന പന്തിൽ റഹ്മാനുല്ല ഗുർബാസിനെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ ദക്ഷിണാഫ്രിക്ക തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു.

12 പന്തിൽ 10 റൺസെടുത്ത അസ്‌മത്തുല്ല ഒമർസായിയാണ് അഫ്‌ഗാനിസ്ഥാന്‍റെ ടോപ് സ്‌കോറർ. മറ്റു താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. മൂന്ന് അഫ്‌ഗാനിസ്ഥാൻ‌ താരങ്ങൾ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി പേസർ മാർകോ ജാൻസൻ, സ്‌പിന്നര്‍ ടബരെയ്‌സ് ഷംസി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കഗിസോ റബാദയും ആന്‍റിച് നോർട്യയും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. 29 ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ – ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും.


Read Previous

കോഴിക്കോട് ശക്തമായ മഴയും കാറ്റും; വീടിന് മുകളില്‍ മരം കടപുഴകി വീണു, റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗത കുരുക്കുംതാഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; വ്യാപക കൃഷിനാശം

Read Next

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലപ്പത്ത് വീണ്ടും പിത്രോദ; നിയമനത്തില്‍ കോണ്‍ഗ്രസിനെ ‘കുത്തി’ ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »