പടിക്കല്‍ കലമുടയ്‌ക്കാതിരിക്കാൻ ദക്ഷിണാഫ്രിക്ക, സ്വപ്‌നക്കുതിപ്പിന് അഫ്‌ഗാനിസ്ഥാൻ; ആദ്യ സെമിയില്‍ പോരാട്ടം കനക്കും


ട്രിനിഡാഡ്: ടി20 ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നു. ഇന്ത്യൻ സമയം ജൂണ്‍ 27 പുലര്‍ച്ചെ ആറിന് ട്രിനിഡാഡ് സാൻ ഫെര്‍ണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം. 10 വര്‍ഷത്തിന് ശേഷം ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയും, പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി നോക്ക് ഔട്ട് മത്സരം കളിക്കുന്ന അഫ്‌ഗാനിസ്ഥാനും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ തീപാറുന്ന പോരാട്ടത്തിനാണ് ആരാധകരും കാത്തിരിക്കുന്നത്.

ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകളെന്ന വിശേഷണം ചേരുന്ന ടീമാണ് അഫ്‌ഗാനി സ്ഥാൻ. കരുത്തരായ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ ഞെട്ടിക്കാൻ ഇത്തവണ റാഷിദ് ഖാനും സംഘത്തിനുമായി. ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അഫ്‌ഗാൻ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്.

പ്രാഥമിക റൗണ്ടിലെ നാല് കളിയില്‍ മൂന്ന് ജയമായിരുന്നു അഫ്‌ഗാൻ സ്വന്തമാക്കിയത്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റെങ്കിലും ഓസ്‌ട്രേലിയ, ബംഗ്ലാ ദേശ് ടീമുകളോട് ജയിച്ചുകൊണ്ട് സെമിയിലേക്ക് മുന്നേറാൻ അവര്‍ക്കായി. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് ആവേശജയം നേടിക്കൊണ്ടാ യിരുന്നു അഫ്‌ഗാൻ സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരുടെയും വിക്കറ്റ് വേട്ടക്കാരുടെയും പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് വീതം അഫ്‌ഗാൻ താരങ്ങളാണുള്ളത്. റണ്‍വേട്ടക്കാരില്‍ ഒന്നാമനായ റഹ്മാനുള്ള ഗുര്‍ബാസ്, മൂന്നാമനായ ഇബ്രാഹിം സദ്രാൻ എന്നിവരിലാണ് അവരുടെ റണ്‍സ് പ്രതീക്ഷകള്‍. ഫസല്‍ഹഖ് ഫറൂഖി, നായകൻ റാഷിദ് ഖാൻ, പേസര്‍ നവീൻ ഉള്‍ ഹഖ് എന്നിവരുടെ പ്രകടനങ്ങളാകും ബൗളിങ്ങില്‍ അഫ്‌ഗാൻ പടയ്‌ക്ക് നിര്‍ണായകമാകുക.

ഇത്തവണയെങ്കിലും പടിക്കല്‍ കലമുടയ്‌ക്കുന്ന പതിവ് മാറ്റാനാകും ദക്ഷിണാഫ്രിക്ക ആദ്യ സെമിയില്‍ അഫ്‌ഗാനിസ്ഥാനെ നേരിടാനിറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താൻ അവര്‍ക്കായി. ഒരു തോല്‍വി പോലും വഴങ്ങാ തെയാണ് ടീം സെമി വരെയെത്തിയത്. രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ ദക്ഷിണാ ഫ്രിക്കയ്‌ക്ക് ആദ്യമായി ഒരു ഐസിസി കിരീടത്തില്‍ മുത്തമിടാം.

ക്വിന്‍റണ്‍ ഡി കോക്ക്, എയ്‌ഡൻ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെൻറിച്ച് ക്ലാസൻ തുടങ്ങി ഏതൊരുഘട്ടത്തിലും കളിയുടെ ഗതി മാറ്റാൻ കെല്‍പ്പുള്ള താരങ്ങളുടെ സാന്നിധ്യം ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് കരുത്ത് പകരുന്നതാണ്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് റണ്‍സ് കണ്ടെത്തുന്നതും ടീമിന് ആശ്വാസമാണ്. ആൻറിച്ച് നോര്‍ക്യ, കാഗിസോ റബാഡ, കേശവ് മഹാരാജ് തുടങ്ങിയവരുടെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്ക് നിര്‍ണായകമാണ്.

ദക്ഷിണാഫ്രിക്ക സ്ക്വാഡ്: ക്വിന്‍റണ്‍ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, എയ്‌ഡൻ മാര്‍ക്രം (ക്യാപ്‌റ്റൻ), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാൻസൻ, റയാൻ റികെല്‍ടണ്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ, ടബ്രൈസ് ഷംസി, ഓര്‍ട്‌നീല്‍ ബാര്‍ട്‌മാൻ, ജെറാള്‍ഡ് കോട്‌സി,ജോൺ ഫോർച്യൂയിൻ

അഫ്‌ഗാനിസ്ഥാൻ സ്ക്വാഡ്: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമര്‍സായി, നജീബുള്ള സദ്രാൻ, മുഹമ്മദ് ഇഷാഖ്, മുഹമ്മദ് നബി, ഗുല്‍ബാദിൻ നൈബ്, റാഷിദ് ഖാൻ (ക്യാപ്റ്റൻ), കരിം ജനത്, നൂര്‍ അഹമ്മദ്, നവീൻ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, ഫരീദ് അഹമ്മദ് മാലിക്, ഹസ്രത്തുള്ള സസായ്, നാൻഗ്യല്‍ ഖരോതി.


Read Previous

സർക്കാരിനെ ചോദ്യം ചെയ്യുന്ന സിനിമകൾ നിർമിക്കുന്നത് എളുപ്പമോ? കമൽ ഹാസന് പറയാനുള്ളത്; രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’. മറ്റൊന്ന് സംവിധായകൻ ഷങ്കറിനോടൊപ്പമുള്ള ഇന്ത്യൻ 2.

Read Next

കണക്കുകള്‍ തീര്‍ക്കാനുണ്ട് ഇന്ത്യയ്‌ക്ക്; ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ പൂട്ടി മുന്നേറാൻ രോഹിത്തും കൂട്ടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »