സ്‌പേസ് എക്‌സ് ക്രൂ-10 വിക്ഷേപിച്ചു; സുനിത വില്യംസും ബുച്ച് വിൽമോറും ഈ മാസം 19ന് മടങ്ങിയെത്തും


ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍ – 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ മാസങ്ങളായി അവിടെ തുടരുന്ന സുനിതാ വില്യംസും ബുച്ച്‌ വിൽമോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.

നാളെ രാവിലെ ഒമ്പത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിലെത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. പിന്നീടത് ജൂൺ 26ലേക്ക് നീട്ടിവച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.


Read Previous

സംഘർഷം ഉടൻ അവസാനിക്കും: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ പുടിനോട് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ട്രംപ്

Read Next

ഈ മാസം തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടച്ചിടും; രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ജീവനക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »