
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പതിനായിരമോ പതിനയ്യായിരമോ സ്പോട്ട് ബുക്കിങ് വേണമെന്നും ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂവിലൂടെ 80,000 പേർക്ക് മാത്രമാകും പ്രവേശനം ഉണ്ടാവുക. എന്നാൽ ഇത് വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സർക്കാർ നിലപാടിനെതിരെ സിപിഐ മുഖപത്രം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വർഗം ആയുധമാക്കുമെന്നും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഗം ലേഖനത്തിൽ പറഞ്ഞു. സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു.
സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിൽ നിന്ന് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ പറയുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോർഡിനുണ്ട്.