എസ്എസ്എൽസി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, ടെൻഷൻ വേണ്ട കൂളായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്


തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കം. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം ഗള്‍ഫിലെ ഏഴ് കേന്ദ്രത്തില്‍ 682ഉം ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തില്‍ 447ഉം കുട്ടികള്‍ പരീക്ഷ എഴുതും. 26നാണ് അവസാന പരീക്ഷ. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ തിങ്കളാഴ്ചയും ഒന്നാം വര്‍ഷ പരീക്ഷ വ്യാഴാഴ്ചയുമാണ് ആരംഭിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ തിയറി പരീക്ഷ വ്യാഴാഴ്ച തുടങ്ങി 29ന് അവസാനിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ തിങ്കളാഴ്ച തുടങ്ങി 26ന് അവസാനിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഏത് വിഷയമാണോ പരീക്ഷ അതിലെ പാഠഭാഗങ്ങളിലൂടെ ഒന്നുകൂടി കടന്നുപോവുക.

വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മനസിലുണ്ടെന്ന് ഉറപ്പുവരുത്തുക.

പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ സാധനസാമഗ്രികളും തയ്യാറാക്കി സ്‌കൂള്‍ ബാഗിലാക്കുക.

എഴുതുന്ന പേനകള്‍ നാലോ അഞ്ചോ കരുതാം.

പെന്‍സില്‍, കട്ടര്‍, റബര്‍, ജ്യോമട്രി ബോക്സ്, സ്‌കെയില്‍ എന്നിവയും കരുതുക.

ഹാള്‍ ടിക്കറ്റ് എളുപ്പം കാണുന്നവിധം സുരക്ഷിതമായി എടുത്ത് വയ്ക്കുക.

നന്നായി നടക്കുന്ന വാച്ചില്‍ സമയം കൃത്യമാക്കി വയ്ക്കുക.

പത്തുമണിക്ക് തന്നെ ഉറങ്ങാന്‍ പോകുക. പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്. അത് പരീക്ഷാദിവസം ക്ഷീണത്തിനും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും.

പരീക്ഷാഹാളിലേക്ക് കുടിക്കാനുള്ള വെള്ളം കരുതി വയ്ക്കുക.

കുറച്ച് നാരങ്ങയും ഗ്ലൂക്കോസും ചേര്‍ത്ത വെള്ളമാണ് നല്ലത്

സ്‌കൂളില്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂറെങ്കിലും നേരത്തെയെത്താം. എവിടെയാണ് പരീക്ഷഹാള്‍ എന്നു മനസ്സിലാക്കുക.

അതിന്റെ പരിസരത്ത് ശാന്തമായ മനസ്സോടെ ഇരിക്കുക.

പഠിച്ചത് വേണമെങ്കില്‍ ഓര്‍ത്തുനോക്കാം.

സമയമാകുമ്പോള്‍ വളരെ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച് സ്വന്തം സ്ഥലം കണ്ടെത്തി ശാന്തമായിരിക്കുക.

ചോദ്യപേപ്പര്‍ ലഭിച്ചതിനു ശേഷമുള്ള 15 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്. ഈ സമയം ഫലപ്രദമായി ഉപയോഗിക്കുക.

ശുഭാപ്തി വിശ്വാസത്തോടെ ശ്രദ്ധാപൂര്‍വ്വം ചോദ്യപേപ്പര്‍ ഒരാവര്‍ത്തി വായിക്കുക.

ചോദ്യപേപ്പറില്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേങ്ങള്‍ മനസിരുത്തി വായിക്കുക.

ചോദ്യത്തിന്റെ മാര്‍ക്ക്, പോയിന്റുകള്‍, തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുക.

ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക.

എഴുതുന്നതിന്റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക.

ഓരോ ചോദ്യത്തിനും ചെലവഴിക്കേണ്ട സമയവും ക്രമീകരിച്ച് മാര്‍ക്ക് ചെയ്യുക. ഓരോ ചോദ്യത്തിനുമുള്ള സമയം ക്രമപ്പെടുത്തി വാച്ച് ഡസ്‌ക്കില്‍ വയ്ക്കുക.

എല്ലാം സമയബന്ധിതമായി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഴുതണം. അറിയാമെന്ന് വിചാരിച്ച് ചെറിയ ചോദ്യത്തിന് വാരിവലിച്ച് എഴുതരുത്.

അവസാനം അഥവാ സമയം തികഞ്ഞില്ലെങ്കില്‍ പ്രധാന ആശയങ്ങള്‍ മാത്രം എഴുതി പൂര്‍ത്തിയാക്കുക. ഉത്തരം എഴുതാതിരിക്കരുത്.

ചിത്രങ്ങള്‍, ഗ്രാഫുകള്‍ തുടങ്ങിയവയില്‍ ചേര്‍ക്കുന്ന അടയാളങ്ങള്‍, സൂചനകള്‍ എന്നിവ വ്യക്തമായിരിക്കണം. പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പായി എഴുതിത്തീര്‍ക്കുക.

പേജ്നമ്പര്‍ അനുസരിച്ച് പേപ്പര്‍ കെട്ടുക.

ചോദ്യ നമ്പര്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.


Read Previous

ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ’ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു; ബിജെപി സഖ്യകക്ഷിയാവും

Read Next

റമദാൻ മുബാറക്…’, പുണ്യ മാസത്തിൽ സന്ദേശവുമായി മോദിയും രാഹുൽ ഗാന്ധിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »