തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നു; പ്രശാന്ത് കിഷോര്‍


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പ്രവചനവും ഫലവും തമ്മില്‍ വലിയ അന്തരം വന്നതോടെയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റ് നേടുമെന്നായിരുന്നു പ്രശാന്തിന്റെ പ്രവചനം. എന്നാല്‍ 240 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതിനുപിന്നാലെയാണ് തന്‍റെ പ്രവചനം തെറ്റിപ്പോയി എന്ന് സമ്മതിച്ച് പ്രശാന്ത് രംഗത്ത് വന്നത്.

എന്നെ പോലെയുള്ള രാഷ്ട്രതന്ത്രജ്ഞര്‍ക്കും അഭിപ്രായ സര്‍വേകളിലൂടെ ഫലപ്രഖ്യാപനം പ്രവര്‍ചിച്ചവര്‍ക്കും എല്ലാം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഞങ്ങളുടെ എല്ലാവരുടേയും പ്രവചനങ്ങള്‍ തെറ്റിപ്പോയി. തെറ്റുപറ്റി എന്ന കാര്യം അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഭാവിയില്‍ ഒരിക്കലും ഏതെങ്കിലും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്ന സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനങ്ങള്‍ ഞാന്‍ നടത്തില്ല – ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഫലപ്രവചനവുമായി ബന്ധപ്പെട്ട എന്‍റെ പഠനങ്ങളും വിലയിരുത്തലുകളും ഞാന്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. പുറത്തുവന്ന ഫലം നോക്കുമ്പോള്‍ എന്‍റെ വിലയിരുത്തലുകള്‍ തെറ്റായിരുന്നു എന്നാണ് മനസിലാകുന്നത്. അത് അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ പ്രവചിച്ചതില്‍ നിന്നും ഏകദേശം 20 ശതമാനത്തോളം വ്യത്യാസമാണ് പുറത്തുവന്ന ഫലം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മാത്രമാണ് സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം ഞാന്‍ നടത്തിയിട്ടുള്ളത്. ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പിലും , ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാത്രം. ഒരു രാഷ്ട്രീയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ ഇനി അത് ചെയ്യാന്‍ പാടില്ല എന്ന് സ്വയം മനസിലാക്കുന്നു. ഭാവിയില്‍ സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള ഫല പ്രവചനങ്ങള്‍ ഞാന്‍ നടത്തില്ല – പ്രശാന്ത് കിഷോര്‍ പറഞ്ഞു.


Read Previous

വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍, സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെ വിളിക്കണം?

Read Next

ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »