ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷങ്ങള്‍ കണക്കിലെടുത്ത് ബിഹാറില്‍ നാളെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് അവസാനിക്കുക. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും.

മാര്‍ച്ച് 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തെരഞ്ഞെ ടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രില്‍ 19നാണ് നടക്കുക. തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ, മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങ ളിലെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
നാളെ മുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതി നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഏപ്രില്‍ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.