സുനിത വില്യംസിൻറെ മടക്കം: ഡ്രാഗൺ പേടകം ഐഎസ്എസിൽ എത്തി, ക്രൂ-10 ദൗത്യത്തിൽ നാലുപേർ.


കാലിഫോര്‍ണിയ: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി അടുത്തു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയ ത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും ചെയ്തു. 

ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവ രാണ് ക്രൂ-10 ദൗത്യത്തിന്‍റെ ഭാഗമായി ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഈ നാല്‍വര്‍ സംഘത്തിന് ഐഎസ്എസിന്‍റെ നിയന്ത്രണം കൈമാറിയ ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങും. ഇരുവര്‍ക്കുമൊപ്പം ക്രൂ-9 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മാര്‍ച്ച് 19ന് മടങ്ങും എന്നാണ് നിലവിലെ പ്രതീക്ഷ.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചു വെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്. 


Read Previous

75കോടിയുടെ എംഡിഎംഎയുമായി 2 വിദേശവനിതകൾ ബംഗളൂരുവില്‍ പിടിയിൽ കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട, 

Read Next

റബറിന് പകരക്കാരൻ എത്തി, എറ്റവും ഡിമാൻഡ് ഒരു പ്രത്യേക ഇനത്തിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »