
മലയാള സിനിമയുടെ ആക്ഷൻ കിംഗ്, മികച്ചൊരു നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചെറുകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണിത്. ‘എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, മൈ ലൗ’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്. പിന്നാലെ താരത്തിന്റെ ആരാധകർ ആശംസകളുമായി രംഗത്തെത്തി.
സിനിമാ-രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബത്തിലെ കാര്യവും മനോഹരമായി നോക്കുന്നയാളാണ് സുരേഷ് ഗോപി. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരാണ് മക്കൾ.