
ന്യൂഡല്‍ഹി: വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ (64) അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. വ്യോമ സേനയുടെ പ്രത്യേക വിമാനത്തിലാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്.
വിമാനം പാലം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടു ള്ളത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റാണയെ ഉടന്‍ അറസ്റ്റ് ചെയ്യും. തുടര്‍ന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. കമാന്‍ഡോ സുരക്ഷയാണ് റാണയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇയാളെ തിഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഡിജി അടക്കം 12 ഉദ്യോഗസ്ഥരാണ് റാണയെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്യുക. കേസിന്റെ വാദം കേള്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നരേന്ദ്ര മാനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
2008 നവംബറില്‍ നടന്ന ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ കൂട്ടാളിയാണ് തഹാവൂര്‍ റാണ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആര്‍മി മെഡിക്കല്‍ കോറില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 1997 ല്‍ കാനഡയില്‍ എത്തി. ഹെഡ്ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയിലേക്കും പാക് ചാര സംഘടനയായ ഐ എസ് ഐയിലേക്കും അടുപ്പിച്ചു.
റാണയ്‌ക്കെതിരെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹെഡ്ലി, റാണ, ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ സാക്കിയുര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്നു. ആക്രമണം നടത്താനുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ഭീകരര്‍ക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കിയതും റാണയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അമേരിക്കന്‍ അന്വേ ഷണ ഏജന്‍സി എഫ്‌ഐബി 2009 ഒക്ടോബറിലാണ് ഹെഡ്ലിയെയും റാണയെയും അറസ്റ്റു ചെയ്തത്.
ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിനും 2013 ല്‍ റാണയ്ക്ക് ഷിക്കാഗോ കോടതി 14 വര്‍ഷം തടവ് വിധിച്ചിരുന്നു. ലോസാഞ്ചലസിലെ ഫെഡറല്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു റാണയെ പാര്‍പ്പിച്ചിരുന്നത്. റാണയെ ഇന്ത്യക്ക് കൈമാറാന്‍ 2023 മെയിലാണ് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടത്. അപ്പീലുകള്‍ തള്ളിയതോടെയാണ് റാണ സുപ്രീം കോടതിയെ സമീപിച്ചു.
റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. പിന്നാലെ റാണയുടെ ഹര്‍ജി തള്ളണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി റാണയുടെ ഹര്‍ജി തള്ളിയതോടെ യുഎസ്-ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു.