ശാസ്ത്ര വിഷയങ്ങളിലെ അധ്യാപകക്ഷാമം; കുവൈറ്റില്‍ വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കാന്‍ പദ്ധതി


കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്‌കൂളുകളില്‍ നിലവിലുള്ള രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി, വിരമിച്ചവരോ അല്ലെങ്കില്‍ നേരത്തേ സര്‍വീസ് അവസാനിപ്പിച്ചവരോ ആയ പരിചയസമ്പന്നരായ കുവൈറ്റ് അധ്യാപകരെ തിരിച്ചെ ടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. പ്രധാനമായും ശാസ്ത്ര വിഷയ ങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

ഇതിന്റെ മുന്നോടിയായി ഏതൊക്കെ വിഷയങ്ങളിലേക്കാണ് അടിയന്തരമായി അധ്യാപകരെ ആവശ്യമുള്ളതെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായി സര്‍വീസി ലേക്ക് തിരികെ വിളിക്കാവുന്ന അധ്യാപകരെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന കം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകരുടെ ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാനുള്ള വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ആദില്‍ അല്‍ അദ് വാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുന്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കിയത്.

ഈ പട്ടികയില്‍ നിന്ന് അധ്യാപകരെ നിയമിക്കന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷനുമായി കൂടിയാലോചിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനും സ്വദേശി അധ്യാപകരെ പിന്തുണയ്ക്കുന്നതിനും കുവൈറ്റിലെ വിരമിച്ച അധ്യാപകരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം, പുനര്‍ നിയമം നല്‍കാന്‍ ഉദ്ദേശിക്കുന്ന അധ്യാപകരുടെ ആരോഗ്യ ക്ഷമതയും അവരുടെ സര്‍വീസ് കാലത്തെ മികവും മറ്റും പരിഗണിക്കാനും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് ഒഴിവായത് അച്ചടക്ക നടപടികളുടെയോ സ്വഭാവ ദൂഷ്യത്തിന്റെയോ വിശ്വാസ വഞ്ചനയുടെയോ പേരിലാണോ എന്നും അവര്‍ക്കെതിരേ എന്തെങ്കിലും ക്രിമിനല്‍ കുറ്റങ്ങളോ വകുപ്പുതല നടപടികളോ ഉണ്ടായിരുന്നോ എന്നും പ്രത്യേകം പരിശോധിച്ച ശേഷം മാത്രമേ അവരെ പുനര്‍ നിയമനത്തിനായി പരിഗണിക്കാവൂ എന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇംഗ്ലീഷ്, ഫ്രഞ്ച്, ഗണിതം, സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക് ഭാഷ, കംപ്യൂട്ടര്‍ പഠനം, സോഷ്യല്‍ സ്റ്റഡീസ്, ഇസ്ലാമിക വിദ്യാഭ്യാസം തുടങ്ങി 15 സ്‌പെഷ്യലൈസേഷനുകളിലേക്കാണ് വിരമിച്ച കുവൈറ്റ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ നേരത്തേ ആലോചിച്ചിരുന്നുവെങ്കിലും അക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.


Read Previous

പാലുൽപന്നങ്ങളുടെ കുപ്പികളില്‍ അളവ് കുറവാണെന്നുള്ള പ്രചാരണം: വ്യാജമെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ്

Read Next

വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »