
ഇസ്താംബുൾ : തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ പതിനായിരക്കണക്കിന് ആളുകൾ പ്രതി ഷേധം നടത്തുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെ ജയലിലടച്ചിട്ടും തുർക്കിയുടെ പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗന് തലവേദനയായി പ്രതിഷേധക്കാരുടെ എണ്ണം കൂടിവരികയാണ്. ഇതിനോടകം രാജ്യത്തിന്റെ വവിധ ഭാഗങ്ങളിൽ നിന്നായി 2000 ത്തിലധികം പേർ അറസ്‌റ്റ് ചെയ്യപ്പെട്ടു. പത്ത് മാധ്യമപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
എർദോഗനെ പിന്തുണയ്ക്കാൻ പറയുന്ന കമ്പനികളെ ബഹിഷ്കരിക്കാൻ പ്രതിഷേധക്കാർ തുർക്കികളോട് ആഹ്വാനം ചെയ്തു. പ്രതിഷേധക്കാർക്കെതിരെ സർക്കാർ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ റാലികളിൽ നിന്ന് ബഹുജന പ്രതിഷേധം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.
ഒരിക്കലും അധികാരമാറ്റം സംഭവിക്കില്ല എന്ന് കരുതി തുർക്കി ഭരിക്കുകയായിരുന്നു എർദോഗൻ. എന്നാൽ ഭരണം അട്ടിമറിക്കപ്പെടും എന്ന സാഹചര്യത്തിലേക്കാണ് ഇപ്പോൾ തുർക്കി എത്തിനിൽ ക്കുന്നത്. റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും ഇസ്താംബുൾ മേയറുമായ എക്രം ഇമാമോഗ്ലു വിനെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് തുടക്കം. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നൂറോളം നേതാക്കളെയും എർദോഗൻ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് തുർക്കിയിലെന്ന് അന്താരാഷ്ട്ര മാധ്യമമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ഇസ്താംബുളിൽ മാത്രമല്ല രാജ്യത്തെ വിവിധപട്ടണങ്ങളിലും സർവ്വകലാശാലകളിലും പ്രതിഷേധം ആളിക്കത്തുകയാണ്. പൊലീസിന് നേരെ പലസ്ഥലത്തും പ്രതിഷേധക്കാർ കല്ലേറു നടത്തി. മുളക് സ്പ്രേയും, റബ്ബർ ബുള്ളറ്റുകളുമുപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് പോലീസും.
എക്രം ഇമാമോഗ്ലു ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല. നിർമാണ കമ്പനികളും മറ്റും നടത്തുന്ന പരമ്പരാഗത ബിസിനസ് കുടുംബമാണ് ഇമാമോഗ്ലുവിൻറേത്. അദേഹത്തിൻറെ ബിസിനസുമായി ബന്ധമുള്ള നൂറോളംപേരെയാണ് അഴിമതി ആരോപിച്ച് എർദോഗൻ അറസ്റ്റ് ചെയ്തത്. തുർക്കിയിലും ഇറാഖിലും കുർദുകൾക്ക് വേണ്ടി പൊരുതുന്ന കുർദിഷ് വർക്കേഴ്സ് പാർട്ടിയെ സഹായിച്ചു എന്ന ആരോപണവും ഇമാമോഗ്ലു നേരിടുന്നുണ്ട്.
മാർച്ച് 19 നാണ് ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 18 ന് ഇമാമോഗ്ലുവിൻറെ ബിരുദങ്ങൾ റദ്ദാക്കി ക്കൊണ്ട് ഇസ്താംബുൾ യൂണിവേഴ്സിറ്റി പ്രസ്താവന ഇറക്കിയിരുന്നു. പ്രസിഡന്റ് ആയി മത്സരിക്കണമെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം വേണമെന്ന് തുർക്കിയിൽ നിയമമുണ്ട്. ഈ സാഹചര്യത്തിൽ ഇമാമോഗ്ലുവിനെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് എർദോഗന്റെ ശ്രമം.
തുർക്കിയെ മതേതര രാജ്യമായി നയിച്ച മുസ്തഫാ കെമാൽ അറ്റാതുർക്കിൻറെ ആശയങ്ങൾ പിൻപറ്റുന്ന ആളാണ് ഇമാമോഗ്ലു. പാലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെയും ഹമാസിൻറെ ഭീകരവാദത്തെയും ഒരുപോലെ എതിർക്കുന്ന ഇമാമോഗ്ലു ഒരു പരിഷ്കരണവാദിയായാണ് അറിയപ്പെടുന്നത്. തീവ്ര ഇസ്ലാമിക വാദിയായ എർദോഗാന് ഇമാമോഗ്ലുവിൻറെ ഈ നിലപാടുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്.
പത്ത് ദിവസത്തിലധികമായി തുർക്കിയിൽ ഒരു പുതിയ മുല്ലപൂ വിപ്ലവം ഉരുണ്ടുകൂടുകയാണ്. ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിനെ മാത്രമല്ല ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള പ്രതിഷേധമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.