
ബാങ്കോക്ക്: മ്യാന്‍മറിലും തായ് ലന്‍ഡിലുമുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടം. മ്യാന്മറില്‍ പള്ളി തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് പള്ളി തകര്‍ന്നത്. ബാങ്കോക്കില്‍ 30 നിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തില്‍ തായ് ലന്‍ഡില്‍ 90 ഓളം പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് ഉണ്ടായത്. ബാങ്കോക്കില്‍ നിര്‍മ്മാണ ത്തിലിക്കുന്ന അംബരചുംബിയായ കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ 43 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോ ര്‍ട്ടുകളുണ്ട്. കെട്ടിടം തകര്‍ന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും കാണാം.
നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചെന്ന് റിപ്പോര്‍ട്ടു കളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെ ടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തായ്‌ലൻഡിലും മ്യാൻമറിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ അറിയിച്ചു.