
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ച യമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്ര മണമായിരുന്നു പഹല്‍ഗാമിലേത്. 26 പേരാണ് ഭീകരരുടെ വെടിയേറ്റ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്.