അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ച് വന്‍ നീക്കം; ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ സൗദി അറേബ്യ; എത്തുക 1867 കോടിയുടെ വെടിക്കോപ്പ്; കരാര്‍ ഒപ്പുവച്ചു


റിയാദ്: അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ച് വന്‍ നീക്കമാണ് ഇന്ത്യ ജിസിസിയില്‍ നടത്തുന്നത്. സൗദി അറേബ്യയുമായി കോടികളുടെ കരാര്‍ ഒപ്പുവച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ സൗദി അറേബ്യയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ആയുധങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സാധാരണ അമേരിക്കയെ ആണ് ആശ്രയിക്കാറ്. അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളെ. സൗദി ആയുധങ്ങള്‍ വാങ്ങുന്നതിന്റെ വലിയ ലാഭം കൊയ്യുന്നതും ഈ രാജ്യങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ പുതിയ നീക്കം ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുമായി ആയുധ കരാര്‍ ഒപ്പുവച്ച ഇന്ത്യ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നു.

ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ കമ്പനിയായ മ്യുണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍) ആണ് സൗദി അറേബ്യയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. 225 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1867 കോടി രൂപ) കരാറാണിത്. സൗദി അറേബ്യയിലേക്ക് വെടിക്കോപ്പുകള്‍ അയക്കുക എന്നതാണ് കരാര്‍. എംഐഎല്ലിന്റെ പങ്കാളി നദ്ര കമ്പനിയാണ് ഔദ്യോഗികമായി കരാര്‍ ഒപ്പുവച്ചത്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ വച്ചായിരുന്നു കരാര്‍ ഒപ്പുവയ്ക്കല്‍. സൗദി മിലിറ്ററി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഒഹാലിയും ഇന്ത്യന്‍ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു. എംഐഎല്‍ പുതിയ കരാര്‍ സംബന്ധിച്ച് എക്‌സില്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ കയറ്റുമതി കരാറുകളിലൊന്നാണ് സൗദി അറേബ്യയുമായി ഒപ്പുവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും അടുത്തിടെ സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന്റെ നേട്ടം കൂടിയാണ് പുതിയ കരാര്‍. ഇന്ത്യയില്‍ നിര്‍മിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിജയമായും ചില മാധ്യമങ്ങള്‍ പുതിയ കരാര്‍ വിലയിരുത്തുന്നു.

155 എംഎം ഷെല്ലുകളാണ് ഇന്ത്യ കരാര്‍ പ്രകാരം സൗദി അറേബ്യയ്ക്ക് കൈ മാറുകയത്രെ. നേരത്തെ യുഎഇ, അര്‍മേനിയ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഇതേ ഷെല്ലുകള്‍ വാങ്ങിയിരുന്നു. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വാങ്ങുന്ന ഇത്തരം ഷെല്ലുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന ഷെല്ലുകളേക്കാള്‍ വില കൂടുത ലാണ്. ഇതാണ് സൗദിയും യുഎഇയും ഇന്ത്യയുമായി കരാര്‍ ഒപ്പിടാന്‍ ഒരു കാരണം.

ഇന്ത്യ വലിയ ആയുധ ശക്തിയാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് മുന്‍ മേജര്‍ ജനറല്‍ ശശി ഭൂഷണ്‍ അസ്താന വിലയിരുത്തുന്നു. നിലവില്‍ 23 തരം സൈനിക ഉപകരണങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. 80 ദശലക്ഷം ഡോളറില്‍ നിന്ന് കയറ്റുമതി 200 കോടി ഡോളറിലേക്ക് എത്തുന്നു എന്നതും ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്.


Read Previous

ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ; കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

Read Next

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍ കേസ് പ്രതികളായത്, 1389 സര്‍ക്കാര്‍ ജീവനക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »