മാസപ്പിറവി ദൃശ്യമായി, സൗദിയിൽ നാളെ (ഞായർ) ഈദുൽ ഫിത്വർ. ഒമാന്‍ ഒഴികെ ഗള്‍ഫ്‌ രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാള്‍


റിയാദ്- റമദാനിൽ സ്ഫുടം ചെയ്തെടുത്ത മനസും ശരീരവുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷ ത്തിലേക്ക്. ഒരു മാസം നീണ്ടുനിന്ന റമദാൻ വ്രതത്തിന് പരിസമാപ്തി കുറിച്ച് മാനത്തമ്പിളി തെളിഞ്ഞു. റിയാദിലെ തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ സൗദി അറേബ്യയില്‍ നാളെ (ഞായര്‍) ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും. വൈകാതെ സൗദി സുപ്രിം കോടതി ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കും. ഒമാനിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവടങ്ങളിലും നാളെയാണ് പെരുന്നാൾ.

നാളെ രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൗദിയില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുക. മഴയുടെ സാഹചര്യമുണ്ടെങ്കില്‍ ഈദുഗാഹുകളിലെ നമസ്‌കാരം മസ്ജിദുക ളിലേക്ക് മാറ്റണമെന്ന് ഇസ്ലാമിക കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റമദാൻ നൽകിയ ആത്മചൈതന്യം ഇനിയുള്ള കാലം ജീവിത്തിലുടനീളം പകർത്തിയാണ് വിശ്വാസികൾ നാളെ രാവിലെ ഈദ്ഗാഹിലേക്ക് നീങ്ങുന്നത്.

സൗദിയില്‍ 3,939 ഈദ് ഗാഹുകള്‍ സജ്ജീകരിച്ചു

ഈദുല്‍ഫിത്ര്‍ നമസ്‌കാരത്തിനായി സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകള്‍ 15,948 മസ്ജിദുകളും 3,939 തുറസ്സായ ഈദ് ഗാഹുകളും ഒരുക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂര്‍ത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം സൂര്യോദയം പിന്നിട്ട് കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സൗദിയില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് മസ്ജിദ് ജീവനക്കാരോട് മന്ത്രാലയം നിര്‍ദേശിച്ചു.

പള്ളികളും ഈദ് ഗാഹുകളും നിരീക്ഷിക്കാനും തയ്യാറെടുപ്പുകള്‍ ഉറപ്പാക്കാനും 6,000 ലേറെ പുരുഷ, വനിതാ സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമുള്ള സേവനങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കില്‍ അതേ കുറിച്ച് 1933 എന്ന നമ്പറില്‍ ഗുണഭോക്തൃ സേവന കേന്ദ്രം വഴി അറിയിക്കണമെന്ന് മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.


Read Previous

സൗദി അറേബ്യയില്‍ സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി നിർബന്ധമായും അബ്ഷിർ പ്ലാറ്റ്ഫോമിൽ പരിശോധിക്കണം, മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകള്‍ സിംഗിള്‍ എന്‍ട്രിയായിയാണ് സ്റ്റാമ്പ് ചെയ്തുവരുന്നത്.

Read Next

ഈദുൽഫിത്ർ ഒരുക്കങ്ങൾ സജ്ജം; സൗദിയിൽ 3,939 ഈദ് ഗാഹുകൾ സജ്ജീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »