
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംഘടനാ സംവിധാനത്തെ നന്നാക്കിയെടുക്കാനോ വിജയിപ്പിച്ചെടുക്കാനോ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് കോൺ ഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നുള്ള പരീക്ഷണം വിജയിക്കില്ല. അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങൾ വർഗീയ വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും എതിരാണ്.
കേരളത്തിലെ ബിജെപി നേതൃത്വം മച്ചിപശുവാണ്. അതിനെ തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ടെ് പ്രസവിക്കില്ല. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള അതിശക്തയായ നേതാവ് ശോഭ സുരേന്ദ്രനെ തഴഞ്ഞാണ് രാജീവ് ചന്ദ്രശേഖറിനെ പോലെയുള്ള കോർപ്പറേറ്റ് മുതലാളിയെ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
- കേരളത്തിൽ കെ സുരേന്ദ്രന് സാധിക്കാത്ത എന്തുമാറ്റമാണ് രാജീവ് ചന്ദ്രശേഖറിനെ കൊണ്ട് സാധിക്കുക?
മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തരകാര്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിൽ വലിയ ശരികേടുകളുണ്ട്, ബിജെപിയുടെ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടി തന്നെ യാണ്. അക്കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായം കോൺഗ്രസിന്റെ നേതൃസ്ഥാനത്തി രിക്കുന്ന ഞാൻ പറയുന്നത് ശരിയല്ല എന്നാണ് വിശ്വസിക്കുന്നത്. മുൻപ് ബിജെപിയുടെ ഭാഗമായിരുന്നു എന്ന നിലയ്ക്കും ഒരു പൊതുനിരീക്ഷണമെന്ന നിലയിലും എനിക്ക് തോന്നിയിട്ടുള്ള കാര്യം, ബിജെപി യുടെ സംഘടന സംവിധാനത്തെ നന്നാക്കിയെടുക്കാനോ, അതിനെ വിജയിപ്പിച്ചെടുക്കാനോ കഴിയുന്ന ഒരു സാഹചര്യം നിലവിലില്ല. അതിന് ഇത്തരത്തിലുള്ള പരീക്ഷണം കൊണ്ടൊന്നും സാധിക്കില്ല.
അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങൾ വർഗീയ വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും എതിരാണ്. ആ രാഷ്ട്രീയത്തിന് കേരളത്തിൽ പച്ചപിടിക്കാൻ ഒരു സാദ്ധ്യതയുമില്ല. മറ്റൊന്ന് കേരളത്തിലെ ബിജെപി നേതൃത്വം ഒരു മച്ചിപ്പശുവാണ്. തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ടൊന്നും പ്രസവിക്കാൻ പോകുന്നില്ല. കേരളത്തിലെ ബിജെപിയുടെ സംഘടന സംവിധാനം അതീവ ദുർബലമാണ്, കണക്കുകളിൽ മാത്രമുള്ളതാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രാജീവ് ചന്ദ്രശേഖറിന് അക്കാര്യം ബോദ്ധ്യപ്പെടുമെന്നാണ് മനസിലാക്കുന്നത്.
രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, പേയ്‌മെന്റ് സീറ്റിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കർണാടകയിൽ എംപിയാകുന്നത് വലിയ തോതിൽ ധനശേഷി വിനിയോഗിച്ച് ജനതാദ ളിന്റെയും ബിജെപിയുടെയും എംഎൽഎമാരെ വിലക്ക് വാങ്ങിയിട്ടാണ് അദ്ദേഹം രാജ്യസഭയിലൂടെ പാർലമെന്ററി സംവിധാനത്തിലേക്ക് കടന്നുവരുന്നത്.
2014ൽ നരേന്ദ്ര മോദിയുടെ ഭരണം വരുന്നതോടെയാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്. ഭരണവും അധികാരവും എവിടെ ഉണ്ടോ, അവിടെ വരികയും അതിന്റെ ആനുകൂല്യം പറ്റുകയും ചെയ്യുക എന്ന ബിസിനസ് കണ്ണോടുകൂടിയാണ് അദ്ദേഹം രാഷ്ട്രീയത്തെ കാണുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ പ്രവർത്തനം അവസാനി പ്പിക്കുകയാണെന്ന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ പോസ്റ്റിട്ട ആളുകൂടിയാണ് രാജീവ് ചന്ദ്രശേഖർ. മറ്റ് തരത്തിലുള്ള പല ആരോപണങ്ങളും നേരിട്ടിട്ടുള്ള വ്യക്തിയാണ്. ‘ദി വയർ’ പുറത്തുകൊണ്ടുവന്ന വലിയ ആരോപണം കോടതിയെ ഉപയോഗിച്ച് ആ വാർത്ത ഇല്ലാതാക്കാൻ വേണ്ടിയാണ് പരിശ്രമിച്ചത്.