
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കും. മെയ് 16 മുതല്‍ ജൂലൈ 23 വരെയാണ് സുപ്രീംകോടതി സമ്മര്‍ വെക്കേഷന്. ഈ കാലയളവില്‍ രണ്ട് മുതല്‍ അഞ്ച് വരെ അവധിക്കാല ബെഞ്ചുകള്‍ സിറ്റിങ്ങുകള്‍ നടത്തുമെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.
വേനല്‍ അവധിക്കാലത്തെ ‘ഭാഗിക കോടതി പ്രവൃത്തി ദിവസങ്ങള്‍’ എന്ന് വിളിക്കുന്ന ഇക്കാലത്ത് സാധാരണ ഗതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ വാദം കേള്‍ക്കുന്ന പതിവില്ല. ഈ പതിവാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തിരുത്തിയത്. മെയ് 26 മുതല്‍ ജൂലൈ 13 വരെയുള്ള വേനല്‍ക്കാല അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ബെഞ്ചുകളെക്കുറിച്ചുള്ള വിജ്ഞാപനം സുപ്രീം കോടതി പുറപ്പെടുവിച്ചു.
വേനല്‍ അവധിക്കാലത്തെ, മെയ് 26 മുതല്‍ ജൂണ്‍ 1 വരെ കോടതി നടപടികളില്‍ ഭാഗമാകാനാണ് ചീഫ് ജസ്റ്റിസ് ഗവായ് തീരുമാനിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ വേനല്‍ അവധിക്കാലത്ത് രണ്ട് അവധിക്കാല ബെഞ്ചുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ കേസുകള്‍ കേള്‍ക്കാന്‍ 21 ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.
മെയ് 26 മുതല്‍ ജൂണ്‍ 1 വരെ അഞ്ച് ബെഞ്ചുകള്‍, ജൂണ്‍ 2 മുതല്‍ 8 വരെ മൂന്ന് ബെഞ്ചുകള്‍, ജൂണ്‍ 9 മുതല്‍ 15 വരെ രണ്ട് ബെഞ്ചുകള്‍, ജൂണ്‍ 16 മുതല്‍ 22 വരെ രണ്ട് ബെഞ്ചുകള്‍, ജൂണ്‍ 23 മുതല്‍ 29 വരെ മൂന്ന് ബെഞ്ചുകള്‍, ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ മൂന്ന് ബെഞ്ചുകള്‍, ജൂലൈ 7 മുതല്‍ 13 വരെ മൂന്ന് ബെഞ്ചുകള്‍ എന്നിങ്ങനെയാകും പ്രവര്‍ത്തിക്കുക.
മെയ് 26 മുതല്‍ ജൂലൈ 13 വരെയുള്ള ഈ കാലയളവില്‍, എല്ലാ പ്രവൃത്തി ദിവസങ്ങളിലും സുപ്രീം കോടതി രജിസ്ട്രി രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ തുറന്നിരിക്കും. വേനല്‍ അവധിക്ക് ശേഷം ജൂലൈ 14 മുതല്‍ കോടതിയുടെ പതിവ് പ്രവര്‍ത്തനം പുനരാരംഭിക്കും.