അച്ഛൻ സമാധിയായെന്ന് മക്കൾ ബോർഡ് വച്ചു’; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ്


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ‘അച്ഛന്‍ സമാധി’യായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് പിതാവ് ഗോപൻ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു. ‘സമാധി’യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങന ചെയ്തതെന്നാണ് മകന്‍ പറയുന്നത്. പിതാവ് സമാധിയായ ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടുകയായിരുന്നു. മൂടാനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്ത തെന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നതാണെന്നും മകന്‍ പറഞ്ഞു. പിതാവ് മരിച്ച വിവരം ‘സമാധി’യായി എന്ന ഫ്‌ളെക്‌സ് വച്ചതാടെയാണ് നാട്ടുകാര്‍ അറിയുന്നത്.

ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛന്‍ സമാധിയായി’ എന്നും മകന്‍ പറയുന്നു. ‘സമാധി’ എല്ലാവരെയും അറിയിക്കാന്‍ പാടുള്ളതല്ലെന്നും, അതിനാല്‍ ബന്ധുജനങ്ങളില്‍ ‘സമാധി’ക്ക് സാക്ഷി യായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളിയായ പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയത്. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടു വന്ന് തൊഴുത ശേഷം മടക്കിയയച്ചു. താനും സഹോദരനും മാത്രമാണ് ‘തത്വപ്രകാരം’ സ്ഥലത്തുണ്ടായിരുന്നത് എന്ന് ഇളയമകന്‍ പറഞ്ഞു.

ഏതു ദിവസം സമാധിയാകും എന്ന് അച്ഛന്‍ അറിഞ്ഞിരുന്നു. കന്യാകുമാരിയില്‍ നിന്നും വളരെമുമ്പേ കല്ലും വിളക്കും കൊണ്ടുവന്നിരുന്നു. പേരാലിന്റെ കീഴില്‍ ഇരുന്നു അച്ഛന്‍ ധ്യാനിക്കുമായിരുന്നു. ‘സമാധി’യാവാനുള്ള സമയമായപ്പോള്‍, അദ്ദേഹം പീഠത്തിലിരുന്നു, ആധാര ചക്രങ്ങള്‍ ഉണര്‍ത്തിയാണ് ‘സമാധി’യിലേക്ക് പോയതെന്നും മകന്‍ പറയുന്നു.


Read Previous

സൈബർ ബുള്ളിയിങിന് പ്രധാനകാരണക്കാരൻ’; രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്

Read Next

എനിക്ക് സമയമായി എന്ന് പറഞ്ഞ് ആ പീഠത്തിൽ പോയി പത്മാസനത്തിൽ ഇരുന്നു; സമാധി ആരും കാണാൻ പാടില്ല; നാട്ടുകാർ പറയുന്നത് തെറ്റ്’; വിചിത്രവാദങ്ങളുമായി മകൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »