മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ


ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും പലപ്പോഴായി ഈ ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികൾ നൽകിയിരുന്നില്ല.

ഇപ്പോഴിതാ ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം 3 യുടെ പ്രഖ്യാപനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

‘ലാലേട്ടാ താടിയിൽ തന്നെ ദൃശ്യം 3 ചെയ്യണം’, ‘ദാ…. ഇതാണ് അനൗൺസ്മെൻ്റ്’, ‘നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്’, ‘ഈ പ്രാവശ്യം ജോർജുകുട്ടി ഉറപ്പായും ജയിലില്‍ പോകും’, ‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.

ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോൺ പ്രൈം വിഡിയോ യിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.

തമിഴില്‍ കമല്‍ ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ്ഗണായിരുന്നു നായകനായെത്തിയത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരും ദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.


Read Previous

മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നു, ഗോതമ്പ് ഇഷ്ടവിഭവം; 20 വയസിന് മുകളിലുള്ള 90 ശതമാനം പേർക്കും പൊണ്ണത്തടി

Read Next

ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »