
തിരുവനന്തപുരം: പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഐഎം തീരുമാനം.
കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നീക്കമുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
ഒന്നാം പിണറായി സര്‍ക്കാരിലെ 20 മന്ത്രിമാരില്‍ 13ഉം സിപിഐഎമ്മില്‍ നിന്ന് ആയിരുന്നു. സിപിഐയുടേതായി നാല് മന്ത്രിമാരും. ഈ നിലയില്‍ ഏതെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.